തിരക്കേറി, ബർത്ത് നിർമ്മാണം വേഗത്തിലാക്കാൻ അദാനി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഊഴംകാത്ത് അറബിക്കടലിൽ കിടക്കുന്നത്, ലോകത്തെ ഏറ്റവും വലിയ മദർഷിപ്പായ എം.എസ്.സി ഐറീനയടക്കം ആറ് കണ്ടെയ്നർ കപ്പലുകൾ. തുറമുഖത്ത് ബർത്ത് ലഭ്യതയില്ലാത്തതിനാലാണ് കപ്പലുകൾ തീരക്കടലിൽ ചെറിയ വേഗത്തിൽ ഒഴുകുന്നത്. ഐറിനയ്ക്ക് തിങ്കളാഴ്ചയേ തുറമുഖത്തടുക്കാനാവൂ. കണ്ടെയ്നർ കപ്പലുകളായ ഷിനയും മിഷിഗണും ബർത്തിലുണ്ട്. മോണിക്ക,സാൻഫ്രാൻസിസ്കോ,ബ്രിഡ്ജ്പോർട്ട്,ഐറിന,ക്ലമന്റിന, മരിയാലോറ കപ്പലുകളാണ് കാത്തുകിടക്കുന്നത്. 27കപ്പലുകളെ ഈ മാസം പ്രതീക്ഷിക്കുന്നു.
മുപ്പതിനായിരം കണ്ടെയ്നറുകളാണ് തുറമുഖത്തെ ബർത്തിലെ യാർഡിന്റെ ശേഷി. കൊളംബോ തുറമുഖത്തെ തിരക്കുകാരണം ചില കപ്പലുകൾ വിഴിഞ്ഞത്തേക്ക് തിരിച്ചുവിട്ടിരുന്നു.അതോടെ താത്കാലിക യാർഡിലും കണ്ടെയ്നറുകൾ നിരത്തി. ഫീഡർ കപ്പലുകളിൽ കണ്ടെയ്നറുകൾ നീക്കം ചെയ്താലേ വലിയ കപ്പലുകൾക്ക് അടുക്കാനാവൂ. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർ കപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. കപ്പലുകളുടെ കാത്തുകിടപ്പ് സമയംകുറയ്ക്കാൻ ഓട്ടോമേറ്റഡ് ക്രെയിനുകളുപയോഗിച്ച് വേഗത്തിൽ കണ്ടെയ്നറുകൾ നീക്കുന്നുണ്ട്.
ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബാവും
അടുത്തഘട്ട വികസനത്തിൽ 600, 620മീറ്റർ നീളത്തിൽ രണ്ട് മൾട്ടിപർപ്പസ് ബർത്തുകൾ പൂർത്തിയാക്കും. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളെന്ന് നേരത്തേ നിശ്ചയിച്ചിരുന്ന പ്രവൃത്തികൾ ഒറ്റഘട്ടമായി 10,000കോടി ചെലവിൽ 2028ഡിസംബറിനകം അദാനി പൂർത്തിയാക്കും.ഇതോടെ തുറമുഖശേഷി 45ലക്ഷം കണ്ടെയ്നറുകളായി ഉയരും. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യങ്ങളോടെ 250മീറ്റർ ലിക്വിഡ് കാർഗോ ബർത്തും നിർമ്മിക്കും. അടുത്തഘട്ടങ്ങൾ 2028ൽ പൂർത്തിയാവുന്നതോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്ഹബാവും. അപ്പോഴേക്കും പാസഞ്ചർ കാർഗോ ഷിപ്പ്‌മെന്റ് സൗകര്യങ്ങളുമെത്തും.
കാത്തിരിപ്പ് സമയം കുറയ്ക്കും
പുതിയ ബർത്തുകൾ വരുന്നതോടെ ചരക്കുനീക്കം വേഗത്തിലാവും. തുറമുഖത്തെ കാത്തിരിപ്പ് സമയം കുറയുന്നത് കൂടുതൽ കപ്പലുകളെ ആകർഷിക്കും.
1220മീറ്റർ ബർത്തുകൂടി വരുന്നതോടെ യാർഡിലെ കണ്ടെയ്നർശേഷി രണ്ടിരട്ടിയാവും. നിലവിൽ 32ക്രെയിനുകളുള്ളത് അറുപതാവും.
മൾട്ടിപർപ്പസ് ബർത്തുകളിൽ അരി, കൽക്കരി, യന്ത്രഭാഗങ്ങൾ അടക്കം എന്തും ഇറക്കാം. ക്രൂഡ്ഓയിലോ ഇന്ധനങ്ങളോ എൽ.എൻ.ജിയോ കൊണ്ടുവരാം.
എണ്ണക്കപ്പലുകൾ തുറമുഖത്ത് അടുപ്പിക്കാതെ ആഴക്കടലിൽ നങ്കൂരമിട്ട് പൈപ്പ്‌ലൈൻ വഴിയാണ് ഇന്ധനം തുറമുഖത്തെ ടാങ്ക്‌ഫാമുകളിൽ നിറയ്ക്കുക.
7.5ലക്ഷം
ഇതുവരെ 340 കപ്പലുകളിലായി 7.5ലക്ഷത്തിലേറെ കണ്ടെയ്നറുകളെത്തി. മേയിൽ മാത്രം 49കപ്പലുകളിൽ 1,14,432 കണ്ടെയ്നറുകളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |