വക്കം: കുത്തനെയുള്ള ഇറക്കം ചെന്ന് നിൽക്കുന്നയിടത്ത് ഇരുപതടി താഴ്ചയുള്ള കുഴിയും കൊടുംവളവും. കടയ്ക്കാവൂർ പഞ്ചായത്തിലെ പള്ളിമുക്ക് വെട്ടിയറ പൊയ്ക റോഡിന്റെ അവസ്ഥയാണിത്.
കടയ്ക്കാവൂർ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന ഇടറോഡുകളിൽ ഒന്നാണ് വെട്ടിയറ പൊയ്ക റോഡ്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ച് വയൽ നികത്തി നിർമ്മിച്ച റോഡാണിത്. ആലംകോട് മീരാൻകടവ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ഗതാഗതം നിറുത്തി വയ്ക്കേണ്ടി വരുമ്പോൾ ആറ്റിങ്ങൽ ഭാഗത്തേക്കും അവിടെനിന്ന് തിരിച്ചും വെട്ടിയറ പൊയ്ക റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
അതുകൊണ്ടുതന്നെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾ വന്നാൽ,ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോകുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
ഇവിടെ വഴിവിളക്കുകളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ടാകാറുണ്ട്. റോഡിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് ആധുനിക രീതിയിൽ നവീകരിച്ചാൽ കടയ്ക്കാവൂരിൽ നിന്നെളുപ്പം ആറ്റിങ്ങലിൽ എത്താൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ പ്രശ്നം
റോഡിലെ അപകടകരമായ രീതിയിലുള്ള വളവും കുഴിയും,രാത്രികാലങ്ങളിൽ വഴിവിളക്കുകളില്ലാത്തതും യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ തെരുവുനായ്ക്കളുടെ ശല്യവും കൂടുതലാണ്.
ഭീതിയിലാഴ്ത്തി
അപകട മരണവും
ബന്ധുവീട്ടിൽ പോയി തിരികെ വരുന്നതിനിടെ റോഡിന് വശത്തുള്ള വലിയ കുഴിയിൽ വീണ് തെക്കുംഭാഗം എം.എസ് നിവാസിൽ മണിയുടെ മരണം ഉൾപ്പെടെ നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.അതുകൊണ്ട് പ്രദേശവാസികളടക്കം ഇതുവഴി ഭയത്താലാണ് യാത്ര ചെയ്യുന്നത്.
സ്ഥലം നൽകാം
വെട്ടിയറ പൊയ്ക റോഡ് നിർമ്മിക്കുന്നതിനായി നാട്ടുകാർ 22 സെന്റ് ഭൂമി വിട്ടുനൽകിയിരുന്നു. അപകടകരമായ വളവും കുഴിയുമുള്ള ഭാഗത്തെ ഭൂമി വിട്ടുനൽകാനും ഭൂവുടമകൾ തയ്യാറാണ്. അപകടകരമായ ഭാഗങ്ങളിലും വയലിന് ഇരുവശങ്ങളിലും സുരക്ഷാവേലികൾ നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ജില്ലാപഞ്ചായത്തിന്റെയും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ റോഡിനിരുവശമുള്ള പാർശ്വഭിത്തി നിർമ്മാണവും,തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഉടൻ ആരംഭിക്കും.
ഷീല.എസ്,പ്രസിഡന്റ്,
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |