വെള്ളറട: കേരള-തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസില്ല. ഇത് മുതലാക്കി ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നു. ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടക്കാർക്ക് ആവശ്യാനുസരണം എത്തിച്ചുകൊടുക്കുന്നതാണ് ലഹരി മാഫിയകളുടെ രീതി. കഞ്ചാവും കൂടുതൽ ലഹരിയുമുള്ള പാൻ ഉത്പന്നങ്ങളും അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിലാണ് മൊത്തവ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്ത ദിവസം പുലർച്ച മുതൽ ചന്തക്കുള്ളിൽ തന്നെ പാൻ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൂടുതൽ യുവാക്കളും വിദ്യാർത്ഥികളുമാണ്. പാൻ ഉത്പന്നങ്ങൾക്ക് നാലിരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. എന്നാൽ കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യവകുപ്പ് അധികൃതരോ വിൽപ്പന തടയുന്നതിനോ കച്ചവടകാരെ പിടികൂടാനോ തയ്യാറാകുന്നില്ല. ഇതുകാരണം അതിർത്തിഗ്രാമങ്ങളിൽ ലഹരി വസ്തുകളുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിക്കുകയാണ്.
വെള്ളറടയിൽ എക്സൈസ് ഓഫീസ് വേണം
കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള-തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാനാകും. പലപ്പോഴും പേരിനുമാത്രം അമരവിളയിൽ നിന്നെത്തുന്ന എക്സൈസ് അധികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പിടിയിലാവാറുമുണ്ട്.
എല്ലായിടത്തും കഞ്ചാവ്
ആറുമാസത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായി 25 ഓളം കേസുകൾ വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി പന്നിമലയിൽ നിന്നും ഇന്നോവ കാറിൽ കൊണ്ടുവന്ന 136 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. കൂടാതെ ആറാട്ടുകുഴിയിൽ കൊണ്ടുവന്ന 45 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. യുവാക്കളിൽ നിന്നും വളരെ കുറവ് കഞ്ചാവ് മാത്രമേ പലപ്പോഴും പിടികൂടാറുള്ളൂ. അതുകൊണ്ട് ഇവർ വേഗത്തിൽ പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |