കിളിമാനൂർ: ഈ ഓണത്തിന് കിളിമാനൂരുകാർക്ക് പൂവിനും പച്ചക്കറിക്കുമായി അന്യസംസ്ഥാനക്കാരെ ആശ്രയിക്കണ്ട. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പൂവും പച്ചക്കറിയും പദ്ധതിക്ക് തുടക്കമായി.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും 8 ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കൃഷിവകുപ്പ്,തൊഴിലുറപ്പ്,കുടുംബശ്രീ,സർവീസ് സഹകരണ ബാങ്കുകൾ,ഹരിത കേരളം മിഷൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സംയുക്ത പദ്ധതി നടപ്പാക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 32.5 ഹെക്ടർ സ്ഥലത്ത് തിരഞ്ഞെടുത്ത വ്യക്തികൾ,കുടുംബശ്രീ,ജെ.എൽ.ജി യൂണിറ്റുകൾ,കൃഷിക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കും.എം.ജി.എൻ.ആർ.ജി.എസ് പദ്ധതിയിൽ തയാറാക്കിയ കൃഷിയിടങ്ങളിലാണ് കൃഷി ആരംഭിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ഇനത്തിലുള്ള ഓറഞ്ച്,മഞ്ഞ ജമന്തി തൈകൾ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഗ്രോ സർവീസ് സെന്റർ കാർഷിക കർമ്മസേന ഉത്പാദിപ്പിച്ച പച്ചക്കറിത്തൈകൾ, ജൈവവളം, കീടനാശിനി എന്നിവ ലഭ്യമാക്കും.പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പോളച്ചിറയിൽ നടന്ന ബ്ലോക്ക്തല ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി നിർവഹിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൻ,ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാർ,കുടുംബശ്രീ പ്രവർത്തകർ,എം.ജി.എൻ ആർ ജി.എസ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |