കിളിമാനൂർ: കനത്ത മഴയും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്രവും നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. മഴ തുടങ്ങിയതോടെ പ്രദേശത്തെ ക്വാറികൾ ഭൂരിഭാഗവും അടച്ചു. പാറ,മെറ്റൽ, പൊടി എന്നിവ ലഭിക്കാത്തതും തിരിച്ചടിയായി.
മണലിന് പകരം ഉപയോഗിക്കുന്ന എം.സാൻഡ്, പി.സാൻഡ് എന്നിവയ്ക്ക് ദിവസവും വില കൂടുകയാണ്. മുൻപത്തെ അപേക്ഷിച്ച് പ്ലമ്പിംഗ് സാമഗ്രികൾക്ക് പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വിലവർദ്ധനവ്. കരാറുകാരും പറഞ്ഞ തുകയിൽ നിർമ്മാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. സിമന്റിന് മാത്രമാണ് അല്പം വില കുറവുള്ളത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പകുതിയോളം ക്രഷറുകളും, ക്വാറികളും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ പാറ, ക്വാറി, മേശൻ, തട്ട്, പ്ലംബിംഗ്, വയറിംഗ് തൊഴിലാളികളും പട്ടിണിയുടെ വക്കിലാണ്.
പാതിവഴിയിൽ കുരുങ്ങി ലൈഫും
ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതി വഴി നൽകുന്നത്.7 ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്.
കൂലിയിലും പ്രതിസന്ധി
രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികളും സ്തംഭിച്ചു. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികളും പ്രതിസന്ധിയിലാണ്. നിർമ്മാണ മേഖലയിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഇപ്പോൾ ഇവർ ഹോട്ടൽ മേഖലയിലേക്ക് തിരിഞ്ഞതോടെ തൊഴിലാളികളെ കിട്ടാതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |