പാലോട്: ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായോ അല്ലാതെയോ ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുന്നു. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും കോളനികളിലും ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്.
വർഷങ്ങൾ കഴിഞ്ഞിട്ടും പാലോട് സർക്കാർ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡി-അഡിക്ഷൻ യൂണിറ്റ് ഡോക്ടർ നിയമനം നടത്താതെ അടച്ചിട്ടിരിക്കുകയാണ്.
പ്രധാന വില്ലൻ ലഹരി
പൊലീസ്, എക്സൈൈസ് ടീം അന്വേഷണത്തിന് ഇറങ്ങിയിട്ടും ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിൽ ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ്. സന്ധ്യ മയങ്ങിയാൽ ഇവിടങ്ങളിൽ വഴിയാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. നന്ദിയോട് മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നിർബാധം തുടരുന്നുണ്ട്. അനധികൃത മദ്യവില്പനയും വ്യാപകമായിട്ടുണ്ട്.
ആത്മഹത്യകൾ പെരുകുന്നു
ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും.
പ്രഖ്യാപനമായി പാലോട്ടെ
എക്സൈസ് ഓഫീസ്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും അനിശ്ചിതത്വത്തിലാണ്. ലഹരി ഉപയോഗത്തെ തുടർന്ന് ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതോടെ മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ വീണ്ടും പ്രഖ്യാപനമെത്തിയെങ്കിലും നടന്നില്ല. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
പൊലീസ് നടപടി ശക്തം
ആദിവാസി മേഖലകൾ ഉൾപ്പെടെ ലഹരിക്കെതിരെയുള്ള പരിശോധന ശക്തമാക്കി.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 14 കിലോയോളം കഞ്ചാവും പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന വ്യാജ ചാരായവുമുൾപ്പെടെ പിടികൂടിയത് അടുത്തിടെയാണ്.പൊലീസ് പരിശോധന ശക്തമാകുമ്പോൾ പിന്തിരിയുന്ന ലഹരി മാഫിയ സംഘം പരിശോധനകൾ കുറയുന്നതോടെ വീണ്ടും രംഗത്തെത്തുകയാണ് പതിവ്. വനമേഖലയോട് അടുത്ത പ്രദേശങ്ങളാണ് ഇത്തരം സംഘങ്ങളുടെ താവളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |