ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസിൽ ഇടയാവണത്തെ അണ്ടർപാസേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു. ഇതോടെ പ്രദേശം നേരിടുന്നത് കടുത്ത യാത്രാദുരിതം.
അണ്ടർ പാസേജിന്റെ നിർമ്മാണം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പകുതി പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.അതോടെ ഈ മേഖലയിൽ കാൽനടയാത്രപോലും ദുഃസഹമായിരിക്കുകയാണ്.
അണ്ടർ പാസേജ് പൂർത്തിയായാൽ ചെറിയ വാഹനങ്ങൾക്ക് അതുവഴി കടന്നുപോകാമായിരുന്നു തോട്ടവാരം മേഖല വാമനപുരം നദിക്കരയാണ്. മഴക്കാലത്ത് വെള്ളപ്പൊക്കം ഇവിടെ പതിവാണ്. ഇതിനുപുറമെ നദിയിൽ കൊല്ലമ്പുഴയിൽ ചെക്ക് ഡാമിന്റെ പണികൾ പുരോഗമിക്കുന്നതിനാൽ പെട്ടെന്നുതന്നെ വെള്ളപ്പൊക്കമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻ കാലങ്ങളിൽ വെള്ളപൊക്കഭീഷണി സമയത്ത് ഈ മേഖലയിലെ ആളുകളെ താമസിപ്പിച്ചിരുന്നത് കുന്നുവാരം സ്കൂളിലാണ്. ഇനി അവിടെ എത്താനും ചുറ്റിക്കറങ്ങണം. എത്രയുംവേഗം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിർമ്മാണം നടക്കുന്നത്
കച്ചേരി ജംഗ്ഷനിൽ നിന്ന് മാർക്കറ്റ് റോഡ് വഴി തോട്ടവാരം - കൊല്ലമ്പുഴ പി.ഡബ്ല്യു.ഡി റോഡിന്റെ മദ്ധ്യ ഭാഗത്താണിപ്പോൾ എൻ.എച്ച് 66ന്റെ ഭാഗമായ ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്.
യാത്രാദുരിതം
നിർമ്മാണം ആരംഭിച്ചതോടെ തോട്ടവാരം മേഖലയിലെ ജനങ്ങൾ ഒറ്റപ്പെട്ടു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഇതുവഴി നടത്തിയിരുന്ന സർവീസുകൾ നിറുത്തിയതോടെയാണ് യാത്രാദുരിതം ആരംഭിച്ചത്.
ചുറ്റിക്കറങ്ങി യാത്ര
ബൈപ്പാസ് നിർമ്മാണം ആരംഭിച്ചതോടെ ഇതുവഴി കാൽനടയാത്ര മാത്രമാണ് അനുവദിച്ചത്. പിന്നീട് അണ്ടർപാസേജ് നിർമ്മാണം തുടങ്ങിയതോടെ അതും നിന്നു. മഴക്കാലമായതോടെ ഈ മേഖല ചെളിക്കെട്ടായി. നിരവധി സ്കൂൾ ബസുകൾ ഓടിയിരുന്ന റോഡ് വിജനമായതോടെ വിദ്യാർത്ഥികളെ
സ്കൂളിലെത്തിക്കാൻ ഇപ്പോൾ രക്ഷിതാക്കൾ കൊല്ലമ്പുഴ വഴി ചുറ്റിക്കറങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |