വെഞ്ഞാറമൂട്∙ മഴക്കാലം എത്തിയിട്ടും പൈപ്പ് ലൈനിൽ ജലമില്ല. നെല്ലനാട്,വാമനപുരം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. പമ്പ് ഹൗസുകളിൽ മതിയായ വോൾട്ടേജില്ലാത്തതാണ് പമ്പിംഗ് മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം.
പാറക്കെട്ടുകൾ നിറഞ്ഞതും കിണർ നിർമ്മിക്കാൻ കഴിയാത്ത സ്ഥലങ്ങളുമാണ് പ്രദേശത്തേത്. ഇവിടുത്തെ ആയിരത്തോളം കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുടിവെള്ളം എത്തിക്കുന്നതിന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വെള്ളം പമ്പ് ചെയ്ത് ടാങ്കുകളിലെത്തിക്കും. തുടർന്ന് പകൽസമയത്ത് വെള്ളം തുറക്കും. ഇതിനോടൊപ്പം രാവിലെ മുതൽ പമ്പിംഗ് കൂടി നടന്നാലേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയൂ.എന്നാൽ പകൽ മതിയായ വോൾട്ടേജില്ലെന്നാണ് പരാതി. പകൽസമയം പമ്പിംഗ് നടന്നില്ലെങ്കിൽ ടാങ്കുകളിൽ ശേഖരിച്ചിരിക്കുന്ന വെള്ളം ഉയർന്ന പ്രദേശങ്ങളിൽ എത്തില്ലെന്ന് അധികൃതർ പറയുന്നു.
ജലവിതരണം തടസപ്പെടുമ്പോൾ ഉപഭോക്താക്കൾ വാട്ടർ അതോറിട്ടിയിലാണ് പരാതിപ്പെടുന്നത്. അതേസമയം പരാതിയുമായി കെ.എസ്.ഇ.ബിയെ സമീപിക്കുന്നുമില്ല. ഇതുകാരണം സമയബന്ധിതമായി വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബിയും തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കുടിവെള്ളമില്ലാത്തത്
ഉയർന്ന പ്രദേശങ്ങളായ വണ്ടിപ്പുര, ആനപ്പാറ, കാടിക്കുഴി, പരമേശ്വരം, കൃഷ്ണപുരം, മേലേകുറ്റിമൂട്, കാന്തലക്കോണം, വെളുത്തപാറ തുടങ്ങിയ പ്രദേശങ്ങളും വാമനപുരം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ജലവിതരണം മുടങ്ങുന്നത്.
വൈദ്യുതിക്ഷാമം മാത്രം
പമ്പ് ഹൗസുകൾ സ്ഥാപിച്ചിരിക്കുന്ന മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നെല്ലനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പരാതി നൽകിയതിനെത്തുടർന്ന് രണ്ടു മാസത്തോളം വൈദ്യുതി ക്ഷാമമുണ്ടായില്ല. പിന്നീട് വീണ്ടും സ്ഥിതി പഴയതുതന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |