വർക്കല: വർക്കലയിലെയും സമീപപഞ്ചായത്തുകളിലെയും സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയാൽ പരിസരബോധമില്ലാതെ പെരുമാറുന്നതായി പരക്കെ പരാതി. വാഹനം പോകാൻ കഴിയാത്തവിധം റോഡിന്റെ മദ്ധ്യത്ത് കൂട്ടംകൂടി നടക്കുക,ഹോൺ അടിച്ചാൽ അസഭ്യം വിളിക്കുക,തമാശകൾക്കിടയിൽ സഹപാഠിയെ റോഡിലേക്ക് പിടിച്ചുതള്ളൽ എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ നാട്ടുകാർക്ക് തലവേദനയാകുന്നു. ഇടവ മൂന്നുമൂല ജംഗ്ഷനിലും വൈകിട്ട് സ്കൂൾ വിടുന്ന സമയത്തെ സ്ഥിരം കാഴ്ചകളാണ് ഇവയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവവുമുണ്ടായി.കണ്ടു നിന്ന നാട്ടുകാരും വ്യാപാരികളും ഓട്ടോക്കാരും ഇടപെട്ട് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെ നിലവിട്ട് വിദ്യാർത്ഥികൾ പെരുമാറി. പൊലീസിന്റെ സാന്നിദ്ധ്യം ഈ സമയങ്ങളിൽ സ്കൂൾ പരിസരത്ത് ഉറപ്പാക്കുകയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ഏകവഴി. വ്യക്തിപരമായ അപകീർത്തിപ്പെടുത്തൽ, ആക്ഷേപം തുടങ്ങിയ സാഹചര്യങ്ങൾ പലപ്പോഴും വിദ്യാർത്ഥികൾക്കിടയിൽ സംഘർഷത്തിന് കാരണമാകുന്നു. എന്ത് പഠിക്കണം എന്നതിലുപരി എന്തിനാണ് പഠിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് ഇന്നത്തെ തലമുറ.
ലഹരിലഭ്യതയും ഉപയോഗവും
വർക്കല സബ് ജില്ലയുടെ കീഴിലുള്ള 70 ശതമാനത്തിൽ കൂടുതൽ എപ്ലസ് നേടിയ മിക്ക വിദ്യാലയങ്ങളിലും സ്കൂൾ പരിസരത്തും ട്യൂഷൻ സെന്ററുകളുടെ സമീപവും ലഹരിലഭ്യതയും ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്.ആറാം ക്ലാസ് മുതലുള്ള കുട്ടികളും അറിഞ്ഞോ അറിയാതെയോ ലഹരിവാഹകർ ആണെന്നുള്ളതും ഗൗരവമേറിയ വിഷയമാണ്.കുട്ടികൾ ഏതെങ്കിലും തരത്തിൽ ചൂഷണത്തിന് വിധേയരായി ലഹരിവസ്തുക്കൾ കൈമാറുന്നതിന് വഴങ്ങേണ്ടി വരുന്നുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. പരിസ്ഥിതി, ലിംഗസമത്വം,ലൈംഗിക വിദ്യാഭ്യാസം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ബോധവത്കരണവും വിദ്യാർത്ഥികളിൽ ആവശ്യമാണ്.
നടപടികൾ ഉണ്ടാകണം
ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാലും മൂടിവയ്ക്കാനുള്ള പ്രവണത സ്കൂൾ അധികൃതർ മാറ്റേണ്ട കാലം അതിക്രമിച്ചു. രക്ഷിതാക്കൾ ലഭിക്കുന്ന രഹസ്യവിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിച്ചാലും സ്കൂളിന്റെ റെപ്യൂട്ടേഷനെ ബാധിക്കുമെന്ന ഭീതിയാൽ പലയിടങ്ങളിലും നടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കുട്ടികളുടെ പഠനത്തെയും ഭാവിയേയും ബാധിക്കുമെന്ന ഭീതിയിൽ സംഭവങ്ങൾ കണ്ടിട്ടും വാ മൂടേണ്ടിവരുന്ന രക്ഷിതാക്കളും വിദ്യാർത്ഥികളും നിരവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |