തിരുവനന്തപുരം: വൻകിട കമ്പനികളിലടക്കം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജി.സി.സി(ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) ഹബ്ബാകാൻ തലസ്ഥാനം.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെ യാഥാർത്ഥ്യമായതോടെ തിരുവനന്തപുരത്തേക്ക് ജി.സി.സികളുടെ ഒഴുക്കാണ്.ബഹുരാഷ്ട്ര കമ്പനികൾ(എം.എൻ.സി) തങ്ങൾക്ക് ആവശ്യമുള്ള മാനവവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന നിർമ്മാണ കേന്ദ്രങ്ങളാണ് ജി.സി.സി.
മുംബയ്,ഡൽഹി,ബംഗളൂരു പോലുള്ള ടയർ -1 മെട്രോ നഗരങ്ങളിലായിരുന്നു മുൻപ് ജി.സി.സികൾ വേരുറപ്പിച്ചിരുന്നത്.സർക്കാരിന്റെ പിന്തുണയും കുറഞ്ഞ ചെലവും മെച്ചപ്പെട്ട സൗകര്യങ്ങളും കണക്കിലെടുത്താണ് ടയർ - 2 നഗരമായ തിരുവനന്തപുരത്തേക്ക് ജി.സി.സികൾ എത്തുന്നത്. 30ഓളം ഐ.ടി,അനുബന്ധ കമ്പനികളാണ് തലസ്ഥാനത്ത് ജി.സി.സികൾ സ്ഥാപിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിന് പിന്നാലെ നിരവധി കമ്പനികൾ ജി.സി.സി തുടങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ കമ്പനികളുമായി സർക്കാരിന്റെ ഹൈ പവർ കമ്മിറ്റി ചർച്ചകൾ ആരംഭിച്ചു. എവറസ്റ്റ് ഗ്രൂപ്പ്,അവസന്റ് ആൻഡ് എ.എൻ.എസ്.ആർ എന്നിവയടക്കം 12 ആഗോള കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ കൺസോർഷ്യം പാനൽ രൂപീകരിച്ചിട്ടുണ്ട്. ഇ വൈ,അലിയൻസ്,നിസാൻ ഡിജിറ്റൽ, ഇൻസൈറ്റ്,ആക്‌സെഞ്ചർ തുടങ്ങിയ ജി.സി.സികൾ ഇതിനോടകം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
നിർമ്മിത ബുദ്ധിയിൽ തിളങ്ങും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ക്ലൗഡ്കംപ്യൂട്ടിംഗ്,ഇന്റർനെറ്റ് ഒഫ് തിംഗ്സ്,ബ്ലോക്ക് ചെയിൻ,മെഷീൻലേർണിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് എത്തുന്നത്. കസ്റ്റമർ സപ്പോർട്ട്,സൈബർ സെക്യൂരിറ്റി,സപ്പോർട്ട് സർവീസസ് തുടങ്ങിയ എൻട്രി ലെവൽ ജോലികൾക്ക് ജി.സി.സിയിൽ വലിയ സാദ്ധ്യതയാണ്. ഓഫീസ് പ്രവർത്തിക്കുന്നതിനുള്ള സ്ഥലത്തിന്റെ ആവശ്യകതയും ഉയരുന്നു.വാടകയിനത്തിലും വരുമാനം ലഭിക്കും.കോ-വർക്കിംഗ് സ്പേസ്,ലീപ് കേന്ദ്രങ്ങൾ എന്നിവയും വർദ്ധിക്കും.
എന്തുകൊണ്ട് തിരുവനന്തപുരം
1.കഴിവും പരിശീലനവും ലഭിച്ച ആളുകളുടെ സാന്നിദ്ധ്യം
2.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെകനോളജി(ഐ.ഐ.എസ്.ടി),ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്(ഐ.ഐ.എസ്.ഇ.ആർ),ഡിജിറ്റൽ യൂണിവേഴ്സിറ്റി,കോളേജ് ഒഫ് എൻജിനിയറിംഗ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉയർന്ന പഠനനിലവാരം
3.വിഴിഞ്ഞം തുറമുഖം,അന്താരാഷ്ട്ര വിമാനത്താവളം
4.മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് 25 ശതമാനം കുറവ്
സ്റ്റാർട്ടപ്പ് മിഷൻ,ഐ.സി.ടി അക്കാഡമി,ഡിജിറ്റൽ യൂണിവേഴ്സിറ്റി,സ്പേസ്‌പാർക്ക്,എം.എസ്.എം.ഇ സെന്റർ,ഡിജിറ്റൽ സയൻസ് പാർക്ക്,എമേർജിംഗ് ടെക്നോളജി ഹബ്ബ്,ഡിഫൻസ് ഇന്നൊവേഷൻ സോൺ, സ്‌റ്റേറ്റ് ഡാറ്റാ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനം ജി.സി.സികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
കേണൽ(റിട്ട.)സഞ്ജീവ് നായർ,ടെക്നോപാർക്ക് സി.ഇ.ഒ
ജി.സി.സി
ബഹുരാഷ്ട്ര കമ്പനികൾ(എം.എൻ.സി) മാനവവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന നിർമ്മാണ കേന്ദ്രങ്ങൾ
2030ഓടെ ജി.സി.സികൾ രാജ്യത്ത് സൃഷ്ടിക്കുന്നത്- 30 ലക്ഷം തൊഴിലവസരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |