വിതുര: കനത്ത മഴയത്തും പൊൻമുടിയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികൾ ഒഴുകുന്നു. ഒരാഴ്ചയായി ഇതാണ് അവസ്ഥ. അവധി ദിവസങ്ങളിലാണ് സഞ്ചാരികളുടെ പ്രവാഹം. യുവാക്കളാണ് കൂടുതലും ബൈക്കുകളിലെത്തുന്നത്. തുറന്ന വാഹനങ്ങളിൽ കൈയും തലയും കാലും പുറത്തിട്ടും അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച പൊൻമുടിയിൽ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പതിനായിരത്തിൽപരം പേരാണ് പൊൻമുടിമല കയറിയത്. അപ്പർസാനിറ്റോറിയവും പരിസരപ്രദേശങ്ങളും വാഹനങ്ങളാൽ നിറഞ്ഞു. പൊൻമുടി കല്ലാർ റൂട്ടിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ ഉച്ചക്ക് മൂന്ന് മണിയോടെ പാസ് വിതരണം നിറുത്തിവച്ചു. ഇതോടെ പൊൻമുടി സന്ദർശിക്കാനെത്തിയ നൂറുകണക്കിന് സഞ്ചാരികൾ നിരാശയോടെ മടങ്ങിപ്പോയി. പൊൻമുടിക്കൊപ്പം കല്ലാർ, ബോണക്കാട്, പേപ്പാറ, ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങളിലും ആയിരങ്ങൾ എത്തി.
ശക്തമായ മഞ്ഞുവീഴ്ച
പൊൻമുടിയിൽ നിലവിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. മഴയും കുളിർകാറ്റുമുണ്ട്.നിലവിൽ കല്ലാർ മുതൽ പൊൻമുടിവരെയുള്ള സഞ്ചാരം ആകാശയാത്രപോലെ തോന്നും. മഞ്ഞിന്റെ കാഠിന്യം മൂലം ഉച്ചതിരിഞ്ഞാൽ വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് കല്ലാർ ഗോൾഡൻവാലി മുതൽ പൊൻമുടി വരെ സഞ്ചരിക്കേണ്ടത്. ഈ സീസണിലെ ഏറ്റവും നല്ല കാലാവസ്ഥയാണ് നിലവിൽ. മഞ്ഞിൽമുങ്ങി റീൽ ചിത്രീകരിക്കാനും ധാരാളം യുവാക്കൾ പൊൻമുടിയിലെത്തുന്നുണ്ട്. റീൽ വൈറലാകുകയും ചെയ്തതോടെ കൂടുതൽപേർ പൊൻമുടിയിലെത്തുന്നുണ്ട്.
ഒറ്റദിവസം 5 ലക്ഷം
കഴിഞ്ഞ ഞായറാഴ്ച പൊൻമുടിയിലെത്തിയത് പതിനായിരത്തിൽ പരം പേരാണ്. രാവിലെ മുതലുള്ള സഞ്ചാരികളുടെ ഒഴുക്ക് പൊൻമുടി അടച്ചിട്ടും തുടർന്നു. 5,09020 രൂപ പാസ് ഇനത്തിൽ വനം വകുപ്പിന് ലഭിച്ചു. തിരക്കുമൂലം നൂറുകണക്കിന് സഞ്ചാരികളെ മടക്കി അയക്കേണ്ട അവസ്ഥയുമുണ്ടായി. വിതുര കല്ലാർ റൂട്ടിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
പൊൻമുടി അടച്ചേക്കും
പൊൻമുടി മേഖലയിൽ മഴ തുടർന്നാൽ പൊൻമുടി വീണ്ടും അടച്ചേക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് രണ്ടാഴ്ച മുൻപ് പൊൻമുടി അടച്ചിരുന്നു. ഒരാഴ്ച മുൻപാണ് വീണ്ടും തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |