ആറ്റിങ്ങൽ: കർഷകർക്ക് സഹായഹസ്തവുമായി ഇക്കോ ഷോപ്പും അഗ്രോ സെന്ററുമായി മുദാക്കൽ കൃഷിഭവൻ. 2018ൽ 25 വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും 25 ലക്ഷം രൂപയുടെ കാർഷിക യന്ത്രസാമഗ്രികളുമായി ആരംഭിച്ചതാണ് മുദാക്കലിലെ അഗ്രോ സെന്റർ. കാർഷിക മേഖലയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ട്രാക്ടർ, പവർടില്ലർ, മെതിയന്ത്രം, മിനിഡ്രയർ, പുല്ല് ചെത്തുയന്ത്രം, തെങ്ങുകയറ്റയന്ത്രം, ഞാറുനടീൽ യന്ത്രം അങ്ങനെ യന്ത്രങ്ങൾ നിരവധിയുണ്ടിവിടെ. കാർഷിക മേഖലയിൽ യന്ത്രവത്ക്കരണം വന്നതോടെ തരിശിടങ്ങളിൽ കൂടുതൽ മേഖലകളിൽ കൃഷി വ്യാപിപ്പിക്കാനും ഈ സംരംഭത്തിന് കഴിഞ്ഞു. തെങ്ങുകയറ്റക്കാർ കുറഞ്ഞപ്പോൾ പരിശീലനം നൽകിയവരെ രംഗത്തിറക്കി കർഷകരെ സംരക്ഷിച്ചു. കഴിഞ്ഞ 4വർഷം കൊണ്ട് 7ലക്ഷം ഗുണമേന്മയുള്ള വിവിധയിനം പച്ചക്കറിത്തൈകളും 1ലക്ഷം കുരുമുളക് വള്ളികളും ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ഇവിടെ ഉത്പാദിപ്പിക്കുന്ന തൈകൾ താലൂക്കിലെ വിവിധ കൃഷിഭവനുകൾ വഴിയാണ് കർഷകരിൽ എത്തിക്കുന്നത്.
മിതമായ നിരക്കിൽ കർഷകരിലേക്ക്
സീസൺ നോക്കി പച്ചക്കറിത്തൈകൾ ഉത്പാദിപ്പിക്കുന്നതിനാൽ കർഷകർക്കിത് ഏറെ ഗുണം ചെയ്യും. ഇക്കോഷോപ്പുകൾ വഴി ജൈവ കാർഷികോത്പാദനോപാദികളായ വളം കീടനാശിനി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ മിതമായ നിരക്കിൽ കർഷകർക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിരവധി കാർഷിക പദ്ധതികൾ ആരംഭിച്ചതോടെ അനവധി പേർക്ക് തൊഴിലവസരങ്ങളും ലഭിച്ചു. കാർഷികരംഗത്ത് യന്ത്രവത്ക്കരണം വന്നതോടെ കൃഷി എളുപ്പമായെന്നും കൂടുതൽ ഇടങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നതിനും ഇടയായതായി കർഷകർ പറയുന്നു.
അഗ്രോ സർവീസ് സെന്റർവഴി ചെയ്യുന്ന കാർഷിക ജോലികൾക്ക് നിശ്ചയിച്ച കൂലി
പറമ്പ് കിളയ്ക്കുന്നതിന്
മണിക്കൂറിന് 145 രൂപ
യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിന് മണിക്കൂറിന് 360
കളപറിക്കൽ മണിക്കൂർ 115
തേങ്ങ ഇടുന്നതിന് തെങ്ങൊന്നിന് 50രൂപ
തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് ഒരു തെങ്ങിന് 100 (മരുന്ന് ഉൾപ്പെടെ 125 രൂപ)
10 മൺചട്ടിയിൽ പ്രോട്ടീൻ മിശ്രിതം നിറച്ച് പച്ചക്കറിത്തൈ ഉൾപ്പെടെ നൽകുന്നതിന് 2000രൂപ
കർഷകർക്ക് ട്രാക്ടർ ഉപയോഗിക്കാൻ മണിക്കൂറിന് 800രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |