തിരുവനന്തപുരം:നഗരത്തിലെ മൂന്ന് വാർഡിൽ കൂടി സ്വീവേജ് ലൈൻ സ്ഥാപിക്കുന്ന ബൃഹദ് പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. കാലടി,ആറ്റുകാൽ, അമ്പലത്തറ വാർഡുകളിൽ സ്വീവേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന 153 കോടിയുടെ പദ്ധതിക്കാണ് ടെൻഡറായത്. ആദ്യഘട്ടത്തിലെ ആറ്റുകാൽ കാലടി സോണിലെ 36 കോടി രൂപയുടെ പദ്ധതിക്കാണ് ടെൻഡർ. രൂപരേഖ,വിതരണം,നിർമ്മാണം,കമ്മീഷനിംഗ് ഉൾപ്പെടെ ചെയ്യുന്നതിനാണ് ടെൻഡർ. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.
മൂന്ന് വാർഡിലെ സ്വീവേജ്
പ്രശ്നത്തിന് പരിഹാരം
പദ്ധതി വന്നാൽ മൂന്ന് വാർഡിലെ സ്വീവേജ് പ്രശ്നത്തിന് പരിഹാരമാകും. മൂന്ന് വാർഡിലെ സ്വീവേജ് ലൈൻ മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി കൂട്ടിയോജിപ്പിക്കും. അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്ന് തിരുവനന്തപുരം നഗരസഭ 153 കോടി രൂപ പദ്ധതിക്കായി വായ്പയെടുത്തിട്ടുണ്ട്.ഏഴ് വർഷം കൊണ്ട് അഞ്ച് ശതമാനം പലിശയുൾപ്പെടെ വായ്പത്തുക തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. നഗരസഭയുടെ തനത് പ്ളാൻ ഫണ്ടിൽ നിന്നായിരിക്കും വായ്പ തിരിച്ചടവ് നടത്തുന്നത്.
പദ്ധതി നിർവഹണത്തിന് വാട്ടർ അതോറിട്ടിയെയായിരിക്കും ചുമതലപ്പെടുത്തുന്നത്. ജനസാന്ദ്രത കൂടിയ മൂന്ന് വാർഡിൽ കൂടി പൈപ്പ് ലൈൻ എത്തുമ്പോൾ ആ പ്രദേശത്തെ തന്നെ സെപ്‌റ്റേജ് മാലിന്യശേഖരണം കൂടുതൽ എളുപ്പമാകും.
അമ്പലത്തറ ഭാഗത്ത് പ്രതിസന്ധി
നിലവിൽ അമ്പലത്തറ മിൽമ ഭാഗത്ത് ലൈനിടുന്നതിന് പ്രതിസന്ധിയുണ്ട്. ഇവിടെ റോഡ് കുഴിച്ച് വേണം ലൈൻ സ്ഥാപിക്കാൻ. മൂന്ന് ദിവസം മാത്രമേ പി.ഡബ്ല്യ.ഡി വകുപ്പ് റോഡ് കുഴിച്ചുള്ള നിർമ്മാണത്തിന് അനുവദിക്കൂ.എന്നാൽ ഇവിടെ അതിലും കൂടുതൽ ദിവസം വേണ്ടി വരുമെന്നതിനാൽ നിർമ്മാണത്തിന് പ്രതിസന്ധി നേരിടുന്നുണ്ട്.
നിലവിൽ 44 വാർഡുകളിൽ
നിലവിൽ 44 വാർഡുകളിലാണ് സ്വീവേജ് പൈപ്പ് ലൈൻ കവറേജുള്ളത്.ബാക്കി വാർഡുകളിൽ നിന്ന് ടാങ്കർ ലോറി വഴിയാണ് സെപ്റ്റേജ് മാലിന്യം മുട്ടത്തറയുള്ള പ്ളാന്റുകളിൽ എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |