പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ 4 വർഷക്കാലമായുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ, പ്രോജക്ടുകളിലെ ക്രമക്കേടുകൾ, ഫണ്ടുകളിലെ തിരിമറി എന്നിവ കണ്ടെത്തുന്നതിനായി കഴിഞ്ഞ നാല് ദിവസമായി വിജിലൻസ് ഉൾപ്പെടെയുള്ള സംഘം നടത്തുന്ന പരിശോധന തുടരുന്നു. കോൺഗ്രസ് അംഗങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകിയിരുന്ന പരാതിയിലാണ് ഇപ്പോൾ പരിശോധനകൾ പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര സൈക്ലിംഗ് മത്സരവുമായി ബന്ധപ്പെട്ട് പൊന്മുടിയിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യദിന പരിശോധനയിൽ ഉൾപ്പെടുത്തിയത്. വിജിലൻസ് വിഭാഗം പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്. പഞ്ചായത്തിലെ ഫയൽ പരിശോധന കഴിഞ്ഞ് സംഘം പോയത് പൊന്മുടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ കാണാനായിരുന്നു.
14പേരടങ്ങുന്ന അന്വേഷണസംഘത്തിന്റെ പരിശോധനയിൽ 17വിഷയങ്ങളിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടറി ഉൾപ്പെടെയുള്ള പഞ്ചായത്ത് ജീവനക്കാർ, ഭരണകക്ഷി പ്രതിപക്ഷ അംഗങ്ങൾ, പരാതിക്കാർ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തി.
റിസോർട്ടുകളുടെ
നിർമ്മാണത്തിൽ അഴിമതി
പരിസ്ഥിതി ലോലപ്രദേശമായ പൊന്മുടിയിലും മങ്കയത്തും ഇടിഞ്ഞാറിലും അഞ്ചുവർഷത്തിനിടെ നിരവധി റിസോർട്ടുകളാണ് നിർമ്മിച്ചത്. സൈക്ലിംഗ് മത്സരത്തിന്റെ മറവിൽ പൊന്മുടിയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ജില്ലാ കളക്ടർ മൂന്നുവട്ടം നോട്ടീസ് നൽകിയിട്ടും പഞ്ചായത്ത് ചെവിക്കൊണ്ടില്ല. ഇത് ഗുരുതരമായ വീഴ്ചയായി കണ്ടെത്തിയിട്ടുണ്ട്. ഇടിഞ്ഞാർ, മങ്കയം എന്നിവിടങ്ങളിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകളും പരിശോധിച്ചു. ഇവയിൽ പലതും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും റവന്യു ചട്ടങ്ങൾ പാലിക്കാത്തതാണെന്നും നേരത്തെ പരാതിയുണ്ട്.
ഫണ്ടുകളിൽ തിരിമറി,
പ്രോജക്ടുകളിൽ അശാസ്ത്രീയത
പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഇന്റേണൽ വിജിലൻസ് വിഭാഗമാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കൊല്ലായിലെ സ്വകാര്യ ക്ലിനിക്കിലെ നിർമ്മാണപ്രവർത്തനങ്ങൾ, ഇടിഞ്ഞാറിലെ റിസോട്ടുകൾ എന്നിവയെല്ലാം അളന്ന് പരിശോധിച്ചു. അക്രഡിറ്റ് ഏജൻസികളിലൂടെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധനയും പൂർത്തിയാക്കി. പൊന്മുടിയിൽ സർക്കാരിൽ നിന്നും ഭൂമി പാട്ടമെടുത്ത വ്യക്തിയിൽ നിന്നും, പഞ്ചായത്ത് പാട്ടത്തിനെടുത്ത് നടപ്പിലാക്കിയ സൗഗന്ധികം പദ്ധതിയെ കുറിച്ചുള്ള പരാതികളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിലും ക്രമക്കേടുകൾ കണ്ടെത്തി. വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്താണ് സൗഗന്ധികത്തിന്റെ പേരിൽ പഞ്ചായത്ത് പണം തുലയ്ക്കുന്നത്. പഞ്ചായത്തിലെ കെട്ടിടങ്ങൾ വർഷങ്ങളായി ലേലത്തിൽ നൽകാത്തതും ജൽജീവൻ മിഷന്റെ ഫണ്ട് വകമാറ്റിയതും പരിശോധനയിലുണ്ട്.
തനത് ഫണ്ടിലും അന്വേഷണം
പഞ്ചായത്ത് തനത് ഫണ്ട് ചെലവിട്ടതിലും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരുകോടി നാല് ലക്ഷം രൂപയായിരുന്നു പഞ്ചായത്തിന്റെ തനത് ഫണ്ട്. എന്നാൽ 1.60 കോടി രൂപയുടെ പ്രോജക്ട് തനത് ഫണ്ടിൽ നിന്നും വകമാറ്റിയിട്ടുണ്ട്. ജൽജീവൻ മിഷൻ വകയിരുത്തിയിരുന്ന എട്ടുകോടി രൂപ തനത് ഫണ്ടായി കാണിച്ചാണ് ക്രമക്കേട്. പൈപ്പുകൾ സ്ഥാപിക്കുമ്പോൾ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താനുള്ള ജൽജീവൻ മിഷന്റെ ഫണ്ടാണ് വകമാറ്റിയത്. ഈ പ്രോജക്ട് അംഗീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായമുണ്ടാതായും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |