പൂവാർ: വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശയാത്രകൾ നടത്തിയ പ്രതിയെ പിടികൂടി.ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളും 25 ഓളം കേസുകളിൽ പ്രതിയുമായ പൂവാർ വരവിളതോപ്പ് പണ്ടാരവിള വീട്ടിൽ കരാട്ടെ ജോണിയാണ് (45) അറസ്റ്റിലായത്.ജോസ് പീറ്റർ എന്നയാളുടെ പേരിൽ അപേക്ഷ തയ്യാറാക്കിയശേഷം,അതിൽ സ്വന്തം ഫോട്ടോ പതിച്ചാണ് ജോണി വ്യാജ പാസ്‌പോർട്ട് കരസ്ഥമാക്കിയത്. തുടർന്ന് വിദേശയാത്രകൾ നടത്തുകയായിരുന്നു.
കാഞ്ഞിരംകുളം പൊലീസ് പ്രതിയുടെ കരുംകുളത്തെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിൽ നിന്ന് 16.8 ലിറ്റർ വിദേശ മദ്യം,600 മില്ലി പോണ്ടിച്ചേരി മദ്യം, 600 മില്ലി ചാരായം,10 ബോട്ടിൽ ബിയർ,6 കുപ്പി വൈൻ,17 കുപ്പി ലഹരിയില്ലാത്ത ബിയറും കണ്ടെടുത്തു. കൂടാതെ നിരവധി കാറുകളും ബൈക്കുകളും വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തി. ഇവ ഒന്നുംതന്നെ ജോണിയുടെ പേരിലല്ലെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ കസ്റ്റഡിയിൽ വാങ്ങിയശേഷം മാത്രമേ വിശദമായി പരിശോധന നടത്താൻ കഴിയൂവെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസിന്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്.എച്ച്.ഒ റാണാചന്ദ്രൻ,പൂവാർ എസ്.എച്ച്.ഒ സുജിത്ത്,നെയ്യാറ്റിൻക്കര എസ്.എച്ച്.ഒ പ്രവീൺ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |