തിരുവനന്തപുരം:പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ അഫ്സലിനെയാണ് പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്.
2024നായിരുന്നു കേസിനാസ്പദമായ സംഭവം.പതിമൂന്ന് വയസുള്ള പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്.ഇതിനിടയ്ക്ക് പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷനും പ്രതി മനസിലാക്കിയിരുന്നു. തുടർന്ന് പെൺകുട്ടിയും എട്ട് വയസുള്ള സഹോദരിയും മാത്രമുള്ള സമയം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
എട്ട് വയസുള്ള സഹോദരി കരഞ്ഞ് നിലവിളിച്ചെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ ശബ്ദം ആരും കേട്ടില്ല. പ്രതി യാതൊരുവിധത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന്റെ എതിർപ്പ് കാരണം പ്രതിക്ക് ജാമ്യം നൽകാതെയാണ് വിചാരണ പൂർത്തിയാക്കിയത്. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയെന്ന അപൂർവത കൂടി കേസിനുണ്ട്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്,വി.സി.ബിന്ദു എന്നിവർ ഹാജരായി.പേരൂർക്കട സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന വി.സൈജു നാഥ്,ജി.അരുൺ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |