പാലോട്: ഒരു നാടിന്റെ സാമ്പത്തിക ഘടനയിൽ മുഖ്യപങ്കുവഹിച്ചിരുന്ന നന്ദിയോട് ചന്ത അധികാരികളുടെ അനാസ്ഥയിൽ ഇല്ലാതാകുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മലയോര മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമായി ഏക ആശ്രയമായിരുന്നത് നന്ദിയോട് ചന്തയാണ്.
ചരിത്രത്തിൽ സ്ഥാനം
സമര ചരിത്രത്തിലെ നികുതി നിഷേധസമരം അരങ്ങേറിയത് 1938 സെപ്തംബർ 21ന് നന്ദിയോട് ചന്തയിലാണ്. തിരുവിതാംകൂറിനെ ദേശീയ ധാരയിലെത്തിച്ച ഒരദ്ധ്യായമാണ് കല്ലറ-പാങ്ങോട് കലാപങ്ങളിൽ അവസാനിച്ച നികുതി നിഷേധസമരം. സ്റ്റേറ്റ് കോൺഗ്രസ്സിനെ നിരോധിക്കുകയും കേരളകൗമുദിയുടെ ലൈസൻസ് റദ്ദുചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് നികുതി നിഷേധ സമരത്തിന് ആഹ്വാനമായത്. കല്ലറ ചെല്ലപ്പൻ വൈദ്യരുടേയും പദ്മനാഭൻ വൈദ്യരുടേയും പി.കുഞ്ഞുകൃഷ്ണന്റെയും കെ.കേശവന്റെയും നേതൃത്വത്തിലാണ് നന്ദിയോട് ചന്തയിൽ നികുതി നിഷേധസമരം നടന്നത്.കലാപമായി സമരം പടർന്നതോടെ പൊലീസും കുതിരപ്പട്ടാളവും സമരം അടിച്ചമർത്തി. ഈ സമരവുമായി ബന്ധപ്പെട്ട് പിടിയിലായ ഭരതന്നൂർ കൃഷ്ണനെ 1940ഡിസംബർ 11നും കല്ലറ കൊച്ചപ്പിപ്പിള്ളയെ 12നും തൂക്കിലേറ്റി. കെ.കേശവനെ നന്ദിയോട് ജംഗ്ഷനിൽ പൊലീസ് പിടികൂടി ക്രൂരമായി മർദ്ദിച്ചു ജയിലിലടച്ചു.
ആധുനിക രീതിയിലുള്ള
മന്ദിരമുണ്ടെങ്കിലും
നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ ചെലവഴിച്ച് ആധുനിക രീതിയിലുള്ള മന്ദിരം പണി പൂർത്തിയാക്കിയിരുന്നെങ്കിലും നിലവിൽ ഈ കെട്ടിടം പൂർണ്ണമായും ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സംഭരിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. മത്സ്യം ഉൾപ്പെടെയുള്ളവയുടെ വില്പന റോഡിലേക്ക് മാറ്റപ്പെട്ടു.
മാലിന്യ സംഭരണ കേന്ദ്രമായി
നന്ദിയോട് ചന്ത
1996 ആഗസ്റ്റ് 17 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ സാന്നിദ്ധ്യത്തിൽ ഇ.എം.എസ് ജനകീയാസൂത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത് നന്ദിയോട് പഞ്ചായത്തിൽ വച്ചായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശൈലജാ രാജീവനാണ് ഇന്നും പഞ്ചായത്ത് പ്രസിഡന്റ്. അക്കാലയളവിൽ ചന്ത പ്രവർത്തിച്ചിരുന്നത് ഇന്ന് പഞ്ചായത്തിന്റെ ഓഫീസ് മന്ദിരം പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു. തുടർന്ന് ഓഫീസും, സ്റ്റേഡിയവും നിർമ്മിച്ചപ്പോഴാണ് ചന്ത ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |