പാറശാല: തീരദേശ മേഖലയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാക്കുന്നു. തീരദേശത്തെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനായി പൂവാർ കേന്ദ്രമാക്കി കെ.എസ്.ആർ.സിയുടെ ബസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊഴിയൂരിലേക്ക് വേണ്ടത്ര സർവ്വീസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യമായി സ്‌കൂളുകളിലേക്കോ തിരികെ വീടുകളിലേക്കോ എത്താൻ കഴിയാത്ത അവസ്ഥയാണ്.
പൊഴിയൂർ, പൂവാർ, ആരുമാനൂർ, തിരുപുറം, കാഞ്ഞിരംകുളം , നെല്ലിമൂട്, പുല്ലുവിള എന്നീ മേഖലകളിൽ നിന്നായി അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 500ൽപ്പരം വിദ്യാർത്ഥികളാണ് പ്രദേശത്തെ വിവിധ സ്‌കൂളുകളിലായി എത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ പൂവ്വാർ ഡിപ്പോയിൽ എത്തിയിട്ടുവേണം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് വരാൻ.
വിദ്യാർത്ഥികൾ വലയുന്നു
സ്‌കൂൾ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ഓർഡിനറി ബസുകളെ ആശ്രയിച്ചാണ് വിദ്യാർത്ഥികളുൾപ്പെടെ എല്ലാവരും യാത്ര ചെയ്യുന്നത്. ദിവസേന വിവിധ ബസ് സർവീസുകളെ ആശ്രയിച്ച് യാത്ര ചെയ്യേണ്ടിവരുന്നതിനാൽ വിദ്യാർത്ഥികൾ പലപ്പോഴും രാവിലെ ക്ലാസുകൾ ആരംഭിച്ചിട്ടാണ് സ്കൂളുകളിലെത്തുന്നത്. വൈകിട്ട് 5 മണി കഴിഞ്ഞുമാണ് തിരികെ വീടുകളിലെത്തുന്നത്.
പ്രത്യേക ബസ്
സർവ്വീസുകൾ ആരംഭിക്കണം
വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ദിവസേന രാവിലെയും വൈകുന്നേരങ്ങളിലും പൂവാർ- പൊഴിയൂർ മേഖലകളെ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് സർവ്വീസുകൾ ആരംഭിച്ചാൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരിക്കും.
തീരദേശ മേഖലയിലെ വിദ്യർത്ഥികൾക്കായി പൊഴിയൂർ-പൂവാർ മേഖലകൾ കേന്ദ്രീകരിച്ച് രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക ബസ് സർവ്വീസുകൾ ആരംഭിക്കണമെന്നാണ് പൊഴിയൂരിലെ വിദ്യാർത്ഥികളുടെ ആവശ്യം.
ഫോട്ടോ: പൊഴിയൂരിലെ വാളാംകുളം ബസ് സ്റ്റോപ്പിൽ നിന്നും പൂവ്വാർ വഴി വിവിധ സ്കൂളുകളിലേക്ക് പോകേണ്ട കുട്ടികളുടെ തിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |