കടയ്ക്കാവൂർ: തീരപ്രദേശമായ അഞ്ചുതെങ്ങ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. പെരുമാതുറ പാലം വഴി ഗതാഗതം ആരംഭിച്ചതോടെ റോഡിൽ വലിയവാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു. നിലവിൽ റോഡിലെ വീതിക്കുറവും നോപാർക്കിംഗ് ഏരിയയിലെ വാഹനങ്ങളുടെ പാർക്കിംഗും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു. സ്കൂൾ സമയമായ രാവിലെ 8 മുതൽ 10മണി വരെ അഞ്ചുതെങ്ങ് പഞ്ചായത്ത് ഭാഗത്ത് മീൻ വിൽക്കുന്നതും മീൻ കൊണ്ടുവരുന്നതുമായ അനവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. ഈ ഭാഗത്ത് അനവധി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ചുതെങ്ങ് മുതൽ കായിക്കര വരെ ഭാഗത്ത് കുറെയധികം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുക സ്ഥിരം കാഴ്ചയാണ്. ഇത് ഗതാഗതതടസം സൃഷ്ടിക്കുന്നു.
പാലിക്കാതെ ഗതാഗതനിയമം
ഇരുചക്രവാഹനങ്ങൾ ഗതാഗതനിയമം ലംഘിച്ച് വണ്ടി ഓടിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. പൊലീസുകാർ ഇത് ശ്രദ്ധിക്കുന്നതേയില്ല. ഈ ഭാഗത്തെ ഗതാഗതതടസം ഒഴിവാക്കാൻ തീരദേശ ഹെെവേ യാഥാർത്ഥ്യമാക്കണമെന്നും അനധികൃത പാർക്കിംഗിനെതിരെ
പൊലീസ്, ട്രാഫിക് അധികാരികൾ ഇടപെടണമെന്നുമാണ് യാത്രകാരുടേയും പ്രദേശവാസികളുടെയും ആവശ്യം.
വേണം തീരദേശഹെെവേ
തീരദേശഹെെവേ യാഥാർത്ഥ്യമായാൽ കൂടുതൽ ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും മുതലപ്പൊഴി വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്താൻ സാധിക്കും. നാഷണൽ ഹെെവേ വഴിയുളള ഗതാഗത തിരക്ക് കുറയുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |