ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ അതിർത്തിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്ക് ഷെൽട്ടർഹോം വേണമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ 6 മാസത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് നിരവധി പേർക്കാണ്. ഷെൽട്ടർഹോം ഒരുക്കാൻ നഗരസഭയുടെ ഖരമാലിന്യ പ്ലാന്റിൽ സൗകര്യമുണ്ടന്ന് നേരത്തെ നഗരസഭാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷെൽട്ടർ ഹോം പദ്ധതിക്കൊരുങ്ങിയത്. പദ്ധതി നടപ്പിലാക്കാൻ വേണ്ട ഫണ്ടിനായി ലൈസൻസ് ഫീ ഇനത്തിൽ നിന്നും കണ്ടെത്താമെന്നും വിലയിരുത്തി. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസും നിർബന്ധമാക്കുകയും വേണം. ആയിരത്തോളം വളർത്തുനായ്ക്കൾക്ക് മാത്രമാണ് ലൈസൻസുള്ളത്. വളർത്തുനായ്ക്കളുടെ ലൈസൻസ് ഫീ ഇനത്തിൽ ലഭിക്കുന്ന വരുമാനം ഷെൽട്ടർ സംവിധാനത്തിന്റെ ചെലവിനായി വിനിയോഗിച്ചാൽ നഗരസഭയ്ക്ക് ഇതിനായി പ്രത്യേകം തുക കണ്ടത്തേണ്ടിവരില്ലന്നാണ് വിലയിരുത്തൽ.
വന്ധ്യംകരണവും നടപ്പിലാക്കണം
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾക്ക് വന്ധ്യംകരണവും നടപ്പിലാക്കണം. നഗരാതിർത്തിയിൽ നാലായിരത്തോളം വളർത്തുനായ്ക്കൾ ഉണ്ടെന്നാണ് വിലയിരുത്തൽ. നേരത്തെ ആറ്റിങ്ങൽ നഗരസഭ സായി ഗ്രാമവുമായി ചേർന്ന് നായ്ക്കൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിരുന്നു. ഇത് തെരുവ് നായ്ക്കളുടെ എണ്ണം കുറച്ചിരുന്നു.
പ്രദേശവാസികൾ ഭീഷണിയിൽ
മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ, കോളേജ്,ഐ.ടി.ഐ, പോളി ടെക്നിക് തുടങ്ങിയയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമിലെത്തിച്ചാൽ നായ്ക്കളുടെ ശല്യത്തിന് കുറച്ച് അറുതിവരും. തെരുവുനായ്ക്കൾ കൂടി വരുന്നതോടെ വിദ്യാർത്ഥികളും യാത്രക്കാരും ഭീഷണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |