പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചി സർക്കാർ എൽ.പി സ്കൂളിന്റെ ഗേറ്റ് കടന്നാൽ ചുവരിൽ വിരിഞ്ഞ മനോഹര ചിത്രങ്ങളുടെ അദ്ഭുതലോകമാണ്. ചെല്ലഞ്ചി പറമ്പുപാറ ശിവാലയത്തിൽ പ്രവിത എന്ന പ്രീ പ്രൈമറി വിഭാഗം ആയ വരച്ച ചിത്രങ്ങളാണ് സ്കൂളിൽ നിറഞ്ഞിരിക്കുന്നത്.
സാമ്പത്തിക പരാധീനതയിൽ പത്താം ക്ലാസോടെ വിദ്യാഭ്യാസം മതിയാക്കി നിൽക്കുമ്പോഴാണ് ചെല്ലഞ്ചി സ്കൂളിൽ ആയയായി 2014ൽ താത്കാലിക ജോലിയിൽ കയറുന്നത്. കുട്ടികൾക്കായി ചെറിയ ചിത്രങ്ങൾ വരച്ച് നൽകിയ പ്രവിതയുടെ കഴിവ് മനസിലാക്കിയ പ്രഥമാദ്ധ്യാപിക അനിലയും സഹ അദ്ധ്യാപകരുമാണ് സ്കൂളിൽ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി കളർ, ബ്രഷ് എന്നിവ അദ്ധ്യാപകർ വാങ്ങി നൽകി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ മുഴുവൻ മനോഹര ചിത്രങ്ങളുടെ വിസ്മയലോകമായി മാറി. അദ്ധ്യാപകർ പ്രവിതയെ പത്താം ക്ലാസ് തുല്യതാപരീക്ഷയ്ക്ക് തയ്യാറാക്കി വിജയിപ്പിച്ചു.
സ്കൂൾ പി.ടി.എ നൽകുന്ന ചെറിയ വേതനത്തിൽ വീട്ടിലെ കാര്യങ്ങൾ നടത്താനാകാത്തതിനാൽ അവധി ദിവസങ്ങളിൽ തൊഴിലുറപ്പ് ജോലിക്കും പോകും. പതിനാറു വർഷം മുൻപ് അച്ഛൻ മരണപ്പെട്ടു.അമ്മ ഇന്ദിര ക്യാൻസർ രോഗിയാണ്. ഭർത്താവ് വിനോദിന് കൂലിപ്പണിയാണ്. മക്കളായ ശിവദേവ് പ്ലസ് 1ന് നന്ദിയോട് എസ്.കെ.വി സ്കൂളിലും ശിവജിത്ത് ഏഴാം ക്ലാസ്സിൽ പേരയം ഗവ.യു.പി സ്കൂളിലുമാണ് പഠിക്കുന്നത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം.നന്ദിയോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചിത്രരചന പരിശീലനത്തിന് അപേക്ഷയും നൽകിയിട്ടുണ്ട്. പ്രവിതയുടെ ചിത്രരചന കൂടുതൽ ഉയരങ്ങളിലെത്തണമെന്ന പ്രാർത്ഥനയുമായി അദ്ധ്യാപകരായ സരിത, നിമിഷ, രേഷ്മ, ദീപ, സ്കൂൾ പി.ടി.എ അംഗങ്ങൾ എന്നിവരും കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |