വിഴിഞ്ഞം: തീരദേശത്തെ ആനന്ദക്കടലിലാക്കി മത്സ്യബന്ധന സീസൺ ഉണർന്നുതുടങ്ങി. കൊഞ്ചും കണവയും നെത്തോലിയുമൊക്കെ വള്ളം നിറഞ്ഞുതുടങ്ങി. മത്സ്യബന്ധന സീസൺ ആരംഭിച്ച് ഒരുമാസമായപ്പോഴാണ് തീരത്തിന് ആശ്വാസമായത്. കഴിഞ്ഞ ആഴ്ച വരെ തീരത്ത് ചെറുകൊഴിയാളയാണ് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൊഞ്ചും കണവയുമൊക്കെ ലഭിച്ചു തുടങ്ങി.ഇതോടൊപ്പം ചെറു ചൂരയും നെത്തോലിയുമൊക്കെ ധാരാളമായി എത്തുന്നുണ്ട്. കടൽ ശാന്തമായതിനാൽ തന്നെ ഭൂരിഭാഗം തൊഴിലാളികളും ഉൾക്കടലിൽ മീൻപിടിക്കാൻ പോകുന്നുണ്ട്.
പുലർച്ചെ മുതൽ തീരത്ത് എത്തിയിരുന്ന വള്ളങ്ങളിൽ എല്ലാം തന്നെ ചെറുകൊഴിയാളയുൾപ്പെടെ മത്സ്യങ്ങൾ നിറഞ്ഞ് വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ കുട്ട ഒന്നിന്ന് 2400 രൂപ വിലവന്ന കൊഴിയാള മത്സ്യത്തിന് വാങ്ങാൻ ആളില്ലാതായതോടെ 400 രൂപയിലേക്ക് താഴ്ന്നിരുന്നു. കച്ചവടക്കാരോ നാട്ടുകാരോ വാങ്ങാതെ വന്നതോടെ ഒടുവിൽ വളം/കോഴിത്തീറ്റ നിർമ്മാണ കമ്പനിയിലേക്ക് കയറ്റി അയച്ചിരുന്നു. വരും ദിവസങ്ങളിൽ നല്ല മഴ ലഭിച്ചാൽ ഇനി തീരത്ത് ചാകര കാലമാകും.
ചുമട്ടുകാർ ആവേശത്തിൽ
സീസൺ പ്രതീക്ഷയിൽ തൊഴിൽതേടി വിഴിഞ്ഞത്ത് എത്തുന്നത് നിരവധി വനിതാ ചുമട്ട് തൊഴിലാളികളാണ്. വിഴിഞ്ഞത്തെ ചുരുക്കം സ്ത്രീകൾ മാത്രമാണ് ഈ തൊഴിൽ ചെയ്യുന്നത്. പുതുതലമുറയിൽപ്പെട്ടവർ എത്തുന്നില്ല. അതേസമയം പുല്ലുവിള,പള്ളം തീരങ്ങളിലുള്ളവരാണ് സീസൺ സമയത്ത് വിഴിഞ്ഞത്ത് ചുമടെടുക്കാൻ എത്തുന്നത്.ഓരോ ചുമടിനും 30 മുതൽ 50 രൂപ വരെ ലഭിക്കും. തീരത്ത് നിന്ന് മീൻകുട്ട ചുമന്ന് ഷെഡിൽ എത്തിക്കുന്നതിന് 30 രൂപയും ദൂരം കൂടുന്നതിനനുസരിച്ച് കൂലിയും കൂടും. ഇന്നലെ ഇവിടെയെത്തിയ ചുമട്ട് തൊഴിലാളികൾക്കെല്ലാം കോളായിരുന്നു.
തിരക്കേറിയ സായാഹ്നം
ഫ്രഷ് മീൻ വാങ്ങാൻ വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ് വിഴിഞ്ഞത്ത്. ഓഫീസ് വിട്ടു വരുന്നവരും മറ്റു ജോലികൾ കഴിഞ്ഞുവരുന്നവരും ഇവിടെ എത്തിയാണ് മത്സ്യം വാങ്ങുന്നത്. അതേസമയം രാവിലെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വിഴിഞ്ഞത് എത്തും. അർദ്ധരാത്രിക്കുശേഷം ഇവിടെ എത്തുന്നവർ ഹോട്ടൽ നടത്തുന്നവരും ദൂരെസ്ഥലങ്ങളിൽ മത്സ്യക്കച്ചവടക്കാരുമാണ്. ഇങ്ങനെ സീസണിൽ എപ്പോഴും തിരക്കിലമരുകയാണ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |