നടപ്പാക്കാത്തത് - ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനങ്ങൾ
ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിൽ ഗതാഗതപരിഷ്കരണം സംബന്ധിച്ച തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തം.ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനങ്ങൾ തുടക്കം മുതൽ അട്ടിമറിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇക്കഴിഞ്ഞ 19 മുതൽ പട്ടണത്തിലെ വാഹനഗതാഗതം പരിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.വിവിധയിടങ്ങളിൽ സ്ഥാപിക്കാൻ സിഗ്നൽ ബോർഡുകൾ ആർ.ടി ഓഫീസ് തയ്യാറാക്കിയെങ്കിലും മറ്റൊന്നും നടന്നില്ല.
പാലസ് റോഡ് വൺവേയാക്കുന്നതും,ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതും ജൂൺ 1 മുതൽ നടപ്പാക്കാൻ മേയിൽ കൂടിയ ഗതാഗതപരിഷ്കരണ സമിതിയിലാണ് തീരുമാനിച്ചത്. ജൂലായ് 5ന് വീണ്ടും യോഗം കൂടി 19 മുതൽ പരിഷ്കരണം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതും നടപ്പാക്കാൻ അധികൃതർക്കായില്ല.
പരിഷ്കരണം നടപ്പിലാക്കേണ്ട പൊലീസിലും മോട്ടോർവാഹന വകുപ്പിനും,പൊതുമരാമത്ത് വകുപ്പിലും ആശയക്കുഴപ്പം തുടരുകയാണ്. ഗതാഗതപരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പിലാക്കണമെന്ന് നഗരസഭ അധികൃതർ വകുപ്പുകൾക്ക് പലതവണ നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥതലത്തിൽ വൻ വീഴ്ച സംഭവിക്കുന്നതായി നഗരസഭ അധികൃതർ ആരോപിക്കുന്നു.
വിചിത്ര വാദവുമായി വകുപ്പുകൾ
ഗതാഗത പരിഷ്കരണം നടപ്പിലാക്കിയാൽ സ്വകാര്യബസ് ജീവനക്കാർക്ക് പരാതിയുണ്ടെന്നാണ് ഗതാഗത പരിഷ്കരണ സമിതിയിലെ കൺവീനർ കൂടിയായ പൊലീസ് പറയുന്നത്. ഗതാഗത പരിഷ്കരണം നടപ്പിലാക്കേണ്ട ഉത്തരവാദിത്വം പൊലീസിനാണ്.പാലസ് റോഡ് വൺവേയാക്കുന്നതിൽ ആദ്യഘട്ടം മുതൽതന്നെ ഒരു വിഭാഗം ബസ് ജീവനക്കാരും ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
നടപ്പാക്കിയെങ്കിലും
കഴിഞ്ഞ നവംബറിൽ പാലസ് റോഡിൽ കാൽനടയാത്രക്കാരായ മൂന്ന് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിടിച്ച് പരിക്കേറ്റിരുന്നു.സംഭവം വിവാദമായതോടെ ആറ്റിങ്ങൽ പൊലീസ് വർക്കല,കടയ്ക്കാവൂർ,ചിറയിൻകീഴ് ഭാഗത്ത് നിന്ന് സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾക്ക് പാലസ് റോഡിൽ തടഞ്ഞ് പരിഷ്കരണം നടപ്പാക്കിയിരുന്നു. പരിഷ്കരണം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചില സംഘടനാപ്രവർത്തകരും ചേർന്ന് യോഗത്തിൽ നിറുത്തിവയ്പിച്ചു.
സമയക്രമം പാലിക്കാനാകില്ല
നവീകരിച്ച ഗതാഗതപരിഷ്കരണം നടപ്പിലാക്കിയാൽ ടൈം ഷെഡ്യൂൾ പാലിക്കാൻ കഴിയില്ലെന്ന് ബസ് ഓണേഴ്സ്. വഴിമാറ്റി ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയാൽ ദേശീയപാതയിൽ വൻ ഗതാഗതപ്രശ്നങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.
കച്ചേരി ജംഗ്ഷനിലെ
ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക
കച്ചേരി ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക,പാലസ്റോഡിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം ടൂവേ സംവിധാനം ഏർപ്പെടുത്തുകയും ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനവും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭ അധികൃതർക്ക് രേഖാമൂലം കത്ത് നൽകി.
ട്രാഫിക് പരിഷ്കരണ ബോർഡുകൾ
നഗരസഭ നൽകി
ആറ്റിങ്ങൽ പട്ടണത്തിൽ ഗതാഗതപരിഷ്കരണം നടപ്പിലാക്കാൻ ട്രാഫിക് ബോർഡ് വേണമെന്ന ആവശ്യം നഗരസഭ സ്വീകരിക്കുകയും അതിന് സ്പോൺസറെ കണ്ടെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |