ആറ്റിങ്ങൽ: വിഴിഞ്ഞം -നാവായിക്കുളം ഔട്ടർറിംഗ് റോഡിന്റെ നിലവിലെ അലൈൻമെന്റിൽ ഏറെ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെ പുനഃപരിശോധന നടത്തുകയാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനം തയാറാക്കിയ സാദ്ധ്യതാ പഠനറിപ്പോർട്ട് അനുസരിച്ചായിരുന്നു അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ അലൈൻമെന്റ് പ്രകാരം വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരും. ഇത് ഒഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനപരിശോധന നടത്തുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കാത്തിരിപ്പ് നീളും
പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയ ശേഷമേ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കൂ എന്നാണ് പുതിയ തീരുമാനം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി നഷ്ടപരിഹാരം കാത്തുനിൽക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുനൽകിയ ആയിരക്കണക്കിന് ഭൂവുടമകൾ തങ്ങളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ആഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നാണ് പറഞ്ഞിരുന്നത്. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലായ് അവസാനത്തോടെ അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും ഈ പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |