വിതുര: പൊന്മുടി യു.പി.എസ് വിദ്യാർത്ഥികൾ സീഡ് ബോളുകൾ നിർമ്മിച്ച് വിത്തൂട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം ലഭ്യമാക്കാൻ വനമേഖലയുടെ സമീപപ്രദേശങ്ങളിൽ വിത്തുകൾ വിതച്ചു.
വനവൽക്കരണത്തെക്കുറിച്ചും, മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്താൻ ഈ പ്രവർത്തനം സഹായിക്കുമെന്ന് പൊന്മുടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംജി പറഞ്ഞു. ഭക്ഷണത്തിന്റെ കുറവുമൂലം പുറത്തേക്കിറങ്ങുന്ന മൃഗങ്ങൾക്ക് ആഹാരം വനത്തിനുള്ളിൽ ലഭ്യമാകാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ബാബു അഭിപ്രായപ്പെട്ടു.
വൈവിദ്ധ്യമാർന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹെഡ്മാസ്റ്റർ അബ്ദുൽ ജവാദ് പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ എസ്.എം.സി ചെയർമാൻ പൊന്മുടി പ്രകാശ്, പി.ടി.എ പ്രസിഡന്റ് സോണിയ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷിയും നടത്തുന്നുണ്ട്. ഓണത്തിന് വിളവെടുപ്പുത്സവം നടത്തും.
വന്യമൃഗശല്യം രൂക്ഷം
പൊൻമുടി മേഖലയിൽ ഭക്ഷണം തേടി കാട്ടാനയും കാട്ടുപോത്തും പന്നിയും പുലിയും പൊൻമുടി സ്കൂൾ പരിസരത്ത് എത്താറുണ്ട്. രാത്രിയിൽ സ്കൂൾ പരിസരം കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്. വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭിച്ചാൽ ശല്യം കുറയുമെന്ന് അദ്ധ്യാപകരും, വിദ്യാർത്ഥികളും പറയുന്നു.
മണ്ണ്,ചാണകപ്പൊടി,ചാരം,വിവിധയിനം വിത്തുകൾ എന്നിവ ഉപയോഗിച്ചാണ് കുട്ടികൾ സീഡ് ബോളുകൾ തയ്യാറാക്കിയത്. നിർമ്മിച്ച സീഡ് ബോളുകൾ സ്കൂളിന്റെ പരിസരപ്രദേശത്ത് നിക്ഷേപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |