വെള്ളറട: ഓണക്കച്ചവടം ലക്ഷ്യമാക്കി ആഡംബര വാഹനങ്ങളിൽ അതിർത്തി റോഡുകളിലൂടെ സ്പിരിറ്റ് കടത്ത് വ്യാപകമെന്ന് പരാതി. പേരിനുപോലും വാഹന പരിശോധനയില്ലെന്നതാണ് അനധികൃത സ്പിരിറ്റ് കടത്തിന് വളമാകുന്നത്.
അതിർത്തിയിലെ ഇടറോഡുകളിലൂടെ ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റർ സ്പിരിറ്റാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് വിവരം. ആന്ധ്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന സ്പിരിറ്റ് തമിഴ്നാട്ടിലെ രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷം ചെറു ആഡംബര വാഹനങ്ങളിൽ രാത്രികാലങ്ങളിൽ പനച്ചമൂട്, ചെറിയകൊല്ല, തോലടി, ആറുകാണി വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ റോഡുകളിൽ ഒന്നും രാത്രികാല പരിശോധനയോ ചെക്ക് പോസ്റ്റോ ഇല്ല.
യുവാക്കളാണ് കടത്ത് സംഘത്തിലെ പ്രധാന അംഗങ്ങൾ. ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി സീസൺ തുടങ്ങും മുമ്പുതന്നെ കടത്തിനാവശ്യമായ യുവാക്കളെ കണ്ടെത്തും. ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കേയാണ് അതിർത്തിയിലെ റോഡുകൾ കടത്തുകാർക്കുവേണ്ടി തുറന്നിട്ടിരിക്കുന്നത്.
ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണം
മുൻ വർഷങ്ങളിൽ ഓണത്തിന് അതിർത്തിയിലെ പ്രധാന റോഡുകളിൽ എക്സൈസിന്റെയും പൊലീസിന്റെയും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമായിരുന്നു. എന്നാലിപ്പോൾ അതൊന്നുമില്ല. പ്രത്യേകിച്ച് പൊലീസിന്റെ രാത്രികാല വാഹന പരിശോധനയും നടക്കുന്നില്ല. സ്പിരിറ്റ് കടത്തുകാർക്ക് എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉള്ളതുകൊണ്ട് പൊലീസിന്റെ ഓരോ നീക്കവും നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷനു മുന്നിൽ തന്നെ മൊബൈൽ ഫോണുമായി കടത്ത് സംഘത്തിന്റെ അംഗങ്ങൾ ഉണ്ടാകും.
പരിശോധന പേരിനുമാത്രം
കിലോമീറ്ററുകൾക്ക് അപ്പുറമുള്ള എക്സൈസ് അതിർത്തിയിൽ പരിശോധനയ്ക്കായി എത്തിയാൽത്തന്നെ മിന്നൽ വേഗത്തിൽ പരിശോധന പൂർത്തീകരിച്ച് സ്ഥലം വിടുകയാണ് പതിവ്.
വെള്ളറടയിൽ എക്സൈസ്
ഓഫീസ് വേണം
വർഷങ്ങളായി അതിർത്തി ഗ്രാമമായ വെള്ളറടയിൽ ഒരു എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായില്ല. നിരവധി വാഹനങ്ങളാണ് രാത്രിയുടെ മറവിൽ അതിർത്തി കടന്നെത്തുന്നത്. അതിർത്തിയിൽ സ്പിരിറ്റ് കടത്ത് തടയുന്നതിന് രാത്രികാല വാഹന പരിശോധനയും ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചാൽ ഓണത്തിന് വ്യാജ മദ്യ ഉത്പാദനത്തിനെത്തുന്ന സ്പിരിറ്റ് തടയാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |