ചിറയിൻകീഴ്: ദിനംപ്രതി നൂറുകണക്കിന് ജനങ്ങളെത്തുന്ന ശാർക്കര ക്ഷേത്ര പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് നാളുകളായി. പുലർച്ചെയും വൈകുന്നേരവും ഇവിടെയെത്തുന്നവർക്ക് വെളിച്ചക്കുറവ് നന്നെ ബാധിക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് തെരുവ്നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാണ്. ഏതുനിമിഷവും തെരുവ്നായ്ക്കളുടെ ആക്രമണഭീതിയിലാണ് ഇവിടെയെത്തുന്നവർ. പോരാത്തതിന് ക്ഷേത്രപരിസരത്ത് ഇഴ ജന്തുക്കളുടെയും സാന്നിദ്ധ്യം ഉണ്ട്. ലക്ഷങ്ങൾ മുതൽമുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ശാർക്കര ദേവീക്ഷേത്രത്തിന് പുറമേ ചിറയിൻകീഴിലെ ഏറ്റവും വലിയ ജംഗ്ഷനായ വലിയകടയിലും ഹൈമാസ്റ്റ് കത്താതായിട്ട് നാളുകളായി.
പ്രവർത്തന രഹിതമായവ
1.ശാർക്കര ഗവ.യു.പി സ്കൂളിനും ക്ഷേത്രത്തിനും ഇടയിൽ പറമ്പിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റ്
2.ക്ഷേത്രപ്പറമ്പിലെ നാരദ പറണിന് അടുത്തുള്ള ലൈറ്റ്
3.ക്ഷേത്രത്തിനു പിറകിലായി പറമ്പ് കേന്ദ്രീകരിച്ചുള്ള രണ്ട് ലൈറ്റുകൾ,
4.ക്ഷേത്രക്കുളത്തിനു സമീപത്തെ ലൈറ്റ്
ഇനിയും ഏറെ
ബീച്ച് റോഡിലെ മുഞ്ഞമൂട് പാലത്തിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റും പ്രകാശിക്കാറില്ല. ഇതിനുപുറമേ ചിറയിൻകീഴ് മേഖലയിലെ പല തെരുവ് വിളക്കുകളും കത്താതായിട്ട് മാസങ്ങളായി. കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്ന് പലരും സന്ധ്യയായാൽ ഇടറോഡുകളിലൂടെയുള്ള യാത്ര ഏറെ പണിപ്പെട്ടാണ്. ഭക്ഷണത്തിനായി അലയുന്ന നായ്ക്കളിൽ നിന്ന് കടിയേറ്റവർ നിരവധിയാണ്.
പരാതികൾ ഏറെ
ഇടറോഡുകളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. നടവഴികളിലെ പുൽപ്പടർപ്പിൽ സ്വൈര വിഹാരം നടത്തുന്ന ഇഴജന്തുക്കൾ സഞ്ചാരപാതയിൽ ഇഴഞ്ഞിറങ്ങുന്നത് ഇരുട്ടായാൽ കാണാൻ കഴിയാറില്ല. ഇത്തരത്തിൽ കടിയേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നവരും കുറവല്ല. പ്രകാശിക്കാത്ത ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ കരാറുകാരൻ അപ്പപ്പോൾത്തന്നെ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ കെ.എസ്.ഇ.ബിയും പഞ്ചായത്തും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് വിഷയത്തിൽ അവഗണന കാട്ടുന്നെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |