കാട്ടാക്കട: കാട്ടാക്കട അതിവേഗ പോക്സോ കോടതിയിൽ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പോക്സോ കോടതി ജീവനക്കാരനായ നെടുമങ്ങാട് പനവൂർ കൊങ്ങണം കോട് ശ്രീഭവനിൽ ശ്രീലാലി (37)നെയാണ് കാട്ടാക്കട എസ്.ഐ മനോജിന്റെ നേതൃത്വത്തിൽ പാലക്കാട്ടു വച്ച് അറസ്റ്റ് ചെയ്തത്. അകാരണമായി കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പോക്സോ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
തുടർന്ന് ഇയാൾക്കെതിരെ കോടതിയിലെ മറ്റൊരു ജീവനക്കാരൻ പൊലിസിൽ പരാതി നൽകി. കോടതിയിൽ നിന്നും ഒരു ലക്ഷം രൂപ കണക്കിൽ കുറവുണ്ടെന്നും ഇത് ശ്രീലാൽ തട്ടിയെടുത്തെന്നുമായിരുന്നു പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ 4 നാണ് കോടതിയിൽ പിഴ ആയി സ്വീകരിച്ച ഒരുലക്ഷം രൂപ ട്രഷറിയിൽ അടക്കാതെ ശ്രീലാൽ കൈക്കലാക്കിയതായി പരാതിയുള്ളത്.
അതേ സമയം തുക തട്ടിയെടുത്ത ശേഷമാണ് കോടതിയിലെ ഓഫീസ് മുറിയിൽ തീപിടിത്തമുണ്ടായതെന്നും പൊലീസ് കണ്ടെത്തി.
ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് പണാപഹരണവും ഒപ്പം കോടതിമുറിയിൽ തീപിടിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ലൈവ് പ്രചരിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. ഇതിനു ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |