വർക്കല: ''കൃഷി ചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്’’ എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം
ജീവിതത്തിൽ പകർത്തിയിരിക്കുകയാണ് വർക്കല സ്വദേശി സുലോചനൻ. 40 സെന്റിലാണ് സുലോചനൻ വിവിധയിനം കൃഷി ചെയ്യുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ അസി. എൻജിനിയറായി വിരമിച്ച ശേഷം പ്രധാന വിനോദമായി കണ്ടെത്തിയത് കൃഷിയായിരുന്നു. ഒപ്പം പൊതുപ്രവർത്തനവും. രാസവളങ്ങളോ കീടനാശിനികളോ തന്റെ കൃഷിയിടത്തിൽ ഉപയോഗക്കാറില്ല. ജൈവ വളം മാത്രം. കാലി വളവും പച്ചിലകളും കരിയിലയും പ്രധാന വളങ്ങൾ. പത്തു വർഷത്തോളമായി കൃഷിചെയ്യാൻ തുടങ്ങിയിട്ട്. തെങ്ങ്,പ്ലാവ്,മാവ് വിവിധയിനം വാഴകൾ,മരച്ചീനി,ചേന,ചേമ്പ്,പൈനാപ്പിൾ, പപ്പായ,കുരുമുളക്,ഇഞ്ചി,മഞ്ഞൾ തുടങ്ങി പതിനഞ്ചിൽപ്പരം ഇനങ്ങൾ കൃഷിചെയ്യുന്നുണ്ട്.
ഭാര്യ ഹയർ സെക്കൻഡറി വിഭാഗം റിട്ട. പ്രിൻസിപ്പൽ കെ.രമണിയും മകൾ ഡോ. രൂപ രേവതിയും കൃഷിയിൽ സുലോചനനൊപ്പമുണ്ട്. വർക്കല കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ പരിപൂർണ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് സുലോചനൻ പറഞ്ഞു. കൃഷി ഓഫീസർ സീജ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി. ആർ.വി,കൗൺസിലർ സലിം എന്നിവരും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, അജയൻ എസ്. കരുനാഗപ്പള്ളി ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം കൃഷിയിടം സന്ദർശിച്ചിരുന്നു. ശിവഗിരി മഠവുമായി ഏറെ ചേർന്ന് നില്കുന്ന സുലോചനൻ തികഞ്ഞ ഗുരുദേവ വിശ്വാസിയുമാണ്. വർക്കല നേതാജി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും മറ്റ് വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |