വെഞ്ഞാറമൂട്: നാളെ അത്തം പിറക്കുന്നു മുഖം തെളിയാതെ കർഷകർ. വിപണി ലക്ഷ്യമിട്ടിറക്കിയ വിളയെല്ലാം മഴയിൽ കുതിർന്നതോടെ അർഹതപ്പെട്ട നഷ്ടപരിഹാരത്തുക വെെകി. ഇതോടെ കർഷകർ പ്രതിസന്ധിയിലായി. പയറും മത്തനും വെള്ളരിയും നേന്ത്രവാഴകളും കൃഷിയിറക്കിയ കർഷർക്ക് ഇക്കുറി വിളവൊന്നുമില്ല. സാധാരണനിലയിൽ മഴ അല്പം മാറി നിൽക്കുമ്പോൾ വിളവെടുപ്പിന് സൗകര്യം ലഭിക്കാറുണ്ടായിരുന്നു. ഇത്തവണ അതുമുണ്ടായില്ല.
മാസങ്ങളായി പരിപാലിച്ച നൂറുകണക്കിന് വാഴകളാണ് കാറ്റിലും മഴയിലും നിലം പൊത്തിയത്. കുലച്ച വാഴകൾ നിലം പൊത്തിയതോടെ ഓണത്തിന് നേന്ത്രക്കുല കിട്ടാത്ത സ്ഥിതിയാണ്. ജില്ലയിലെ ഓണച്ചന്തകളിലേക്കും ഹോർട്ടികോർപ്പ് ഷോപ്പുകളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ എത്തിക്കേണ്ട അവസ്ഥയാണ്.
വിളമ്പാനില്ല ശർക്കര ഉപ്പേരി
വാഴ കൃഷിക്കാണ് കൂടുതൽ നാശം ഉണ്ടായിട്ടുള്ളത്. ഓണക്കാലത്ത് ശർക്കരവരട്ടി, വറുത്തുപ്പേരി എന്നിവയ്ക്ക് വൻതോതിൽ നേന്ത്രക്കുലകൾ ആവശ്യമാണ്. ഇത് മുന്നിൽ കണ്ടാണ് പലരും കൃഷി ഇറക്കിയത്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർ ഒടിഞ്ഞുവീണ മൂപ്പെത്താത്ത കുലകൾ തുച്ഛമായ വിലയ്ക്ക് വിറ്റൊഴിവാക്കി. പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ ഉത്പാദനം വളരെ കുറഞ്ഞതും തിരിച്ചടിയായി. പച്ചക്കറിയും വൻ തോതിൽ നശിച്ചിട്ടുണ്ട്.
മഴയെടുത്ത വിളകൾ
പയർചെടിയിൽ ഉണ്ടാവുന്ന പൂക്കൾ മഴയിൽ കൊഴിഞ്ഞുവീണു. പച്ചക്കറികൾ പന്തലിലേക്കു കയറാൻ പാകമായപ്പോഴാണ് കൃഷിയിടത്തിൽ വെള്ളം കയറിയത്. കൃഷിത്തടത്തിൽ ദിവസങ്ങളോളം വെള്ളം നിന്നതിനാൽ മത്തൻ, വെള്ളരി വള്ളികൾ എല്ലാം ചീഞ്ഞു. അവശേഷിക്കുന്നവ കീടങ്ങളും കൊണ്ടുപോയി. ഏക്കറുകണക്കിന് നെൽകൃഷിയും നശിച്ചു.
നഷ്ടപരിഹാരത്തുക അകലെ:
പ്രകൃതിക്ഷോഭത്തിലും വനൃമൃഗങ്ങളുടെ ആക്രമണത്തിലും കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരത്തുകയും വെെകുകയാണ്. കൃഷിനാശത്തിനൊപ്പം അർഹതപ്പെട്ട നഷ്ടപരിഹാരത്തുകയും വെെകിയതോടെ കർഷകർ കടക്കെണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |