കോതമംഗലം: ഊന്നുകല്ലിൽ വേങ്ങൂർ കുന്നത്തുതാഴെ ശാന്തയെ (61) കൊലപ്പെടുത്തി മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിലെ പ്രതി അടിമാലി പാലക്കാട്ടേൽ രാജേഷ് അറസ്റ്റിലായി. ഒരാഴ്ചയോളമായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ എറണാകുളം മറൈൻഡ്രൈവിൽ നിന്നാണ് അറസ്റ്റുചെയ്തത്. പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം നിയോഗിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.
മാമലക്കണ്ടത്തിന് സമീപം ആദിവാസി ഉന്നതിയിലാണ് ആദ്യം പ്രതി ഒളിവിൽ കഴിഞ്ഞത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലുൾപ്പെടെ വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും.
ശാന്തയെ കഴിഞ്ഞ 18നാണ് കാണാതായത്. അന്നുതന്നെ കൊല്ലപ്പെട്ടെന്നാണ് നിഗമനം. ഊന്നുകല്ലിലെ ആൾത്താമസമില്ലാത്ത വീട്ടിലെ മാലിന്യടാങ്കിനോടനുബന്ധിച്ചുള്ള മാൻഹോളിലാണ് മൃതദേഹം ഒളിപ്പിച്ചത്. 22നാണ് അഴുകിയ നിലയിൽ പൊലീസ് കണ്ടെത്തുന്നത്.
ഒളിവിലായിരുന്ന രാജേഷിനായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടേയും പെരുമ്പാവൂർ എ.എസ്.പിയുടേയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ശാന്തയുടെ ആഭരണങ്ങൾ ലക്ഷ്യമിട്ടാണ് രാജേഷ് കൊലപാതകം നടത്തിയത്. കൈക്കലാക്കിയ പന്ത്രണ്ട് പവനോളം ആഭരണങ്ങൾ അടിമാലിയിൽ പഴയ ആഭരണങ്ങൾ വാങ്ങുന്നയാൾക്ക് വില്പന നടത്തിയിരുന്നു. നാലുലക്ഷംരൂപ പണമായി കൈപ്പറ്റുകയും മൂന്ന് പവന്റെ മറ്റൊരു മാല വാങ്ങുകയും ചെയ്തു. സ്വർണം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. രാജേഷ് രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കോതമംഗലത്തുനിന്ന് കണ്ടെത്തി.
20നാണ് ശാന്തയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജേഷിന്റെ പങ്ക് വ്യക്തമായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജേഷാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |