തിരുവനന്തപുരം: മൃഗശാലയിൽ പേവിഷബാധയേറ്റ് രണ്ട് മ്ലാവുകൾ ചത്തതോടെ, ബാക്കിയുള്ള മ്ലാവുകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങി. 64 എണ്ണത്തിനാണ് വാക്സിനേഷനെടുക്കുന്നത്.
മറ്റ് മൃഗങ്ങൾക്ക് കുറച്ചുനാൾ മുൻപ് പ്രതിരോധ വാക്സിൻ നൽകിയതിനാൽ, ഇപ്പോൾ എടുക്കേണ്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
പേവിഷ പ്രതിരോധ വാക്സിനേഷന്റെ ചാർട്ട് പ്രകാരം 0,3,7,14,28 എന്നീ ഇടവേളകളിലാണ് കൃത്യമായി വാക്സിൻ നൽകേണ്ടത്. ആദ്യ രണ്ട് ഡോസ് നൽകിക്കഴിഞ്ഞു.ഇനി മൂന്നെണ്ണമാണ് അവശേഷിക്കുന്നത്.സിറിഞ്ചിൽ മരുന്ന് നിറച്ച് ഗൺ ഉപയോഗിച്ചാണ് വാക്സിനേഷൻ നടത്തിയത്.നിലവിൽ മറ്റ് മ്ലാവുകൾക്കൊന്നും പേവിഷബാധയുടെ ലക്ഷണങ്ങൾ ഇല്ലെന്നാണ് നിഗമനം. കഴിഞ്ഞ ഒരുമാസത്തിനിടെ ഒരെണ്ണവും രണ്ടാഴ്ചയ്ക്കിടെ മറ്റൊരെണ്ണവുമാണ് പേവിഷബാധയേറ്റ് ചത്തത്.
മ്ലാവുകൾക്ക് പ്രതിരോധ വാക്സിൻ നൽകുന്നതിനൊപ്പം മ്ലാവുകളുടെ കൂട്ടിലെ കീപ്പർമാർക്കും മറ്റ് ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പും നൽകി. ജനറൽ ആശുപത്രിയിൽ നിന്നാണ് ഇവർക്ക് വാക്സിൻ നൽകിയത്.
മൃഗശാലയിൽ പേവിഷബാധ അപൂർവമാണ്. അടുത്തകാലത്തൊന്നും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. അതാണ് ആശങ്ക ഇരട്ടിയാക്കിയത്.
ക്ഷയരോഗം സാധാരണം
ക്ഷയരോഗവും അടുത്തകാലത്ത് വലിയ ആശങ്ക പരത്തിയിരുന്നു.ഒട്ടേറെ മൃഗങ്ങൾ ചാകാനും ഇത് ഇടയാക്കി. ക്ഷയരോഗം ബാധിച്ച് ചത്ത മാനിൽ നിന്ന് ഒരു കീപ്പർക്ക് ക്ഷയരോഗം ബാധിച്ച സംഭവവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |