തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്തെ കുട്ടികളെ ഊഞ്ഞാലാട്ടി ഓണമാഘോഷിച്ച് മന്ത്രി വി. ശിവൻകുട്ടി. പടവലവും പാവയ്ക്കയും ഉൾപ്പെടെ കുട്ട നിറയെ സ്വവസതിയിൽ വിളവെടുത്ത പച്ചക്കറികളാണ് മന്ത്രി അപ്പൂപ്പൻ കുരുന്നുകൾക്ക് നൽകിയ ഓണസമ്മാനം. സദ്യ ഉണ്ണാനും കുരുന്നുകൾക്ക് വാരിക്കൊടുക്കാനും മന്ത്രിയുടെ ഭാര്യ പാർവതിയും എത്തിയതോടെ കുട്ടികൾ ആവേശത്തിലായി. മാവേലിമാരായി വേഷമിട്ട നാലു വയസുകാരൻ വിശ്വയും രണ്ട് വയസുകാരൻ ഏബലും അറുപതോളം കൂട്ടുകാരും ചേർന്ന് അതിഥികളെ സ്വീകരിച്ചു. ശിശുക്ഷേമസമിതി അങ്കണത്തിൽ കെട്ടിയ ഊഞ്ഞാലിൽ കുരുന്നുകളെയിരുത്തി മന്ത്രി ഊഞ്ഞാലാട്ടി. കഴിഞ്ഞവർഷം ശിശുക്ഷേമസമിതി കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ ബഹിയാ ഫാത്തിമയും മന്ത്രി അപ്പൂപ്പനെ കാണാനെത്തി. ബാലികാമന്ദിരത്തിലും ദത്തെടുക്കൽ കേന്ദ്രത്തിലുമായി പരിചരണയിലുള്ള കുട്ടികളായ തൃഷ,റിയോ,സ്നേഹ,നന്മ,അക്ഷിത,ശരണ്യ,ജിഷ്ണു ബബിത,അശ്വിൻ അനന്തു,ആരോമൽ,നന്ദന, അതുൽ കൃഷ്ണ തുടങ്ങിയവർ ചേർന്നാണ് അത്തപ്പൂക്കളമൊരുക്കിയത്. കുട്ടികളാണ് യഥാർത്ഥത്തിൽ ഓണമാഘോഷിക്കേണ്ടതെന്നും പായസത്തിനേക്കാൾ മധുരം സമിതിയിലെ കുരുന്നുകൾ പകർന്ന് നൽകിയ സ്നേഹവും വാത്സല്യവുമാണെന്നും മന്ത്രി ഓണ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാർ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി,ട്രഷറർ കെ.ജയപാൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |