ആറ്റിങ്ങൽ: വാമനപുരം നദിയിൽ അവനവഞ്ചേരി മേഖലയിൽ മാലിന്യക്കൂമ്പാരം. കുടിവെള്ള വിതരണത്തിൽ ജലജന്യ രോഗ ഭീഷണിയും ആശങ്കയും. ഇതോടൊപ്പം കുടിവെള്ള വിതരണവും തടസപ്പെടാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. അവനവഞ്ചേരി പനവേലിപ്പറമ്പ് കടവിന് സമീപത്താണ് നദിയിൽ കഴിഞ്ഞ രണ്ട് മാസമായി മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടത്. ആദ്യം നദിയിൽ ഒഴുകിയെത്തിയ പഴയ മുളയുടെ ഭാഗം നദിയുടെ മദ്ധ്യഭാഗത്തായി വന്നടിയുകയായിരുന്നു. പിന്നീട് നദിയിൽ ഒഴുകിയെത്തിയ പാഴ്വസ്തുക്കൾ ഒന്നിനുപിറകെ ഒന്നായി വന്നടിയുകയായിരുന്നു. രണ്ടുമാസം കൊണ്ട് ഇവിടം വലിയ മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു. ഇതിൽ ജൈവ അജൈവ മാലിന്യങ്ങളുള്ളതിനാൽ ജലം ഉപയോഗശൂന്യമായ നിലയിലാണ്.
വിതരണത്തിന് മാലിന്യം
കലർന്ന വെള്ളം
വാമനപുരം നദിക്ക് തൊട്ടടുത്തായി ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിരവധി പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മാലിന്യം നിറഞ്ഞ വെള്ളമാണ് ശേഖരിച്ച് വിതരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട നഗരസഭാ കൗൺസിലർ ജീവൻലാൽ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകി.
ധർണ നടത്തി
നഗരസഭാ നടപടിക്കായി ആറ്റിങ്ങൽ മൈനർ ഇറിഗേഷന് കൈമാറിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മൈനർ ഇറിഗേഷൻ ആസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.ടെൻഡർ നടപടികളിലെ കാലതാമസമാണ് മാലിന്യം നീക്കം ചെയ്യാൻ വൈകിയതെന്നും ഒരാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ ധർണ അവസാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |