കുളത്തൂർ: നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസ് വളപ്പിലെ നഗരസഭയുടെ മാലിന്യ സംഭരണശാലയിൽ ഉഗ്രസ്‌ഫോടനത്തോടെ വൻ തീപിടിത്തം.ഇന്നലെ പുലർച്ചെ 3.30ന് സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനാണ് സംഭവം ആദ്യം കാണുന്നത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തി മുറിയിലേക്ക് പോകുമ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.
ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീകണ്ടത്. ഇയാൾ ഉടൻ കഴക്കൂട്ടം ഫയർഫോഴ്സിൽ വിവരമറിയിച്ചു.
ഇതിനിടെ പരിസരത്തെ നടുക്കി ഉഗ്രസ്ഫോടനത്തോടെ തീ ആളിപ്പടർന്നു. ഉറക്കത്തിലായിരുന്ന സ്ഥലവാസികൾ സ്ഫോടനശബ്ദം കേട്ട് വീടുകളിൽ നിന്ന് സ്ത്രീകളും കുട്ടികളുമായി പുറത്തേക്കോടി. ഇതിനിടെ പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടി ആർക്കും പരസ്പരം കാണാൻ പറ്റാത്ത അവസ്ഥയായി. കഴക്കൂട്ടം,ചാക്ക ഫയർ സ്റ്റേഷനുകളിൽ നിന്ന് നിരവധി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.ആറോളം ഫയർ യൂണിറ്റുകളുടെ മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.കെട്ടിടത്തിൽ ശേഖരിച്ചുവച്ചിരുന്ന ടൺകണക്കിന് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും കത്തിയമർന്നു.
രാവിലെ 10ഓടെ തീ പൂർണമായും കെടുത്തി.
ആറ്റിപ്ര സാേണൽ പരിധിയിലെ നാല് വാർഡുകളിൽ നിന്ന്, നഗരസഭയുടെ ഹരിത കർമ്മസേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യവുമാണ് കത്തിയത്.മാലിന്യം മാസത്തിലൊരിക്കൽ ലോറിയിൽ കയറ്റിയയ്ക്കുകയാണ് പതിവ്. ഓണക്കാലമായതിനാൽ നിലച്ചു.ഇതോടെ മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. നിരുത്തരവാദപരമായി പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്ത് തീപിടിത്തമുണ്ടായ പശ്ചാത്തലത്തിൽ ഇനി ഇവിടെ മാലിന്യശേഖരണ കേന്ദ്രം നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
അട്ടിമറിയോ
അതിനിടെ തീപിടിത്തത്തിൽ ദുരൂഹതയുള്ളതായും രണ്ടാംനിലയിൽ ഷോർട്ട് സർക്ക്യൂട്ട് സാദ്ധ്യതയില്ലാത്തതിനാൽ അട്ടിമറി സംശയിക്കുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കോടതിയെ സമീപിക്കുമെന്ന്
45 വർഷം മുൻപ് ആറ്റിപ്ര പഞ്ചായത്തായിരുന്ന അവസരത്തിൽ പൊതുമാർക്കറ്റിനായി കുളത്തൂർ പഴവിളാകം വീട്ടിൽ ചിന്ന - മാധവൻ ദമ്പതികൾ 52 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു.ഇവരുടെ മക്കളായ കേശവൻ,രാമകൃഷ്ണൻ,തങ്കമ്മ,കുഞ്ഞു ലക്ഷമി എന്നിവർക്ക് ഭാഗം ചെയ്തു നൽകിയ വസ്തുവാണ് ഇത്.ഇവിടെ സർക്കാരിന്റെ അധീനതയിൽ പൊതുമാർക്കറ്റ് മാത്രം പ്രവർത്തിച്ചാൽ മതിയെന്നും മറിച്ചായാൽ കോടതിയെ സമീപിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ക്യാപ്ഷൻ : ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |