കൊച്ചി: വൈറ്റില ചളിക്കവട്ടത്തെ വസ്ത്രവ്യാപാരശാലയിൽ എർത്തിംഗിനായി സ്ഥാപിച്ച ഒരുലക്ഷംരൂപയുടെ 100കിലോ കോപ്പർസ്ട്രിപ്പുകൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. അസാം നൗഗാവോൺ സ്വദേശി നബി ഹുസൈനാണ് (21) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റിൽ കേസെടുത്തെങ്കിലും പ്രതിയെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ചളിക്കവട്ടത്തെയും പരിസരപ്രദേശങ്ങളിലെയും 300ഓളം സി.സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ അന്യസംസ്ഥാനക്കാരനായ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.
മോഷണം നടത്തുന്നത് തനിച്ചാണ്. പകൽനേരങ്ങളിൽ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് സ്ഥലങ്ങൾ കണ്ടുവയ്ക്കും. തുടർന്ന് രാത്രി കവർച്ച നടത്തും. ബാഗിൽ കരുതുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് കോപ്പർസ്ട്രിപ്പുകൾ അഴിച്ചെടുക്കുന്നത്. ഇതേ ബാഗിലാണ് ഇവ ഒളിപ്പിച്ചു കടത്തുന്നത്. വസ്ത്രവ്യാപാരശാലയിൽനിന്ന് പലപ്പോഴായിട്ടാണ് കടത്തിക്കൊണ്ടു പോയത്.
കൊച്ചി നഗരത്തിലെ വിവിധഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എർത്തിംഗിനായി സ്ഥാപിച്ച കോപ്പർസ്ട്രിപ്പുകൾ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
നേരത്തേ പെരുമ്പാവൂരിൽ താമസിച്ചിരുന്ന ഇയാൾ കൊച്ചിയിൽ മോഷണം നടത്താനുള്ള സൗകര്യത്തിന് കമ്പനിപ്പടിയിലേക്ക് താമസം മാറ്റിയത് അടുത്തിടെയാണ്. കോപ്പറുകൾ ആക്രിക്കടകളിലാണ് വിറ്റിരുന്നത്. കടയിൽനിന്ന് മോഷ്ടിച്ചവയിൽ കുറച്ച് ഭാഗങ്ങൾ വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |