കോന്നി : അതുമ്പുംകുളം ഞള്ളൂരിൽ നടുറോഡിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പ്രതി വാഹനാപകടത്തിൽപെട്ടു. ഇന്നലെ വൈകിട്ട് 9നായിരുന്നു സംഭവം. ഞള്ളൂർ വലിയകാലായിൽ, സജുവർഗീസ് (46)നാണ് കുത്തേറ്റത്. സുഹൃത്തും പയ്യനാമൺ സ്വദേശിയുമായ പച്ചയിൽ ബെന്നി വർഗീസ് (45) ആണ് കുത്തിയത്. സജുവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി ബൈക്കിൽ പയ്യനാമണ്ണിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിന് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ബെന്നി വർഗീസിന് ഗുരുതര പരിക്കേറ്റു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നില നിന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. കുത്തേറ്റ സജുവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ബെന്നി വർഗീസിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബെന്നി വർഗീസ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇയാൾക്ക് എതിരെ വധ ശ്രമത്തിന് അടക്കം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |