കിളിമാനൂർ: സ്വർണവില കുതിക്കുമ്പോൾ വ്യാജൻമാരെക്കൊണ്ട് പൊറുതിമുട്ടി സ്വർണപ്പണയ വ്യാപാരമേഖല. പരിചയസമ്പന്നരായ അപ്രൈസർമാരെപ്പോലും കബളിപ്പിക്കാൻ പറ്റിയ ഹാൾ മാർക്ക് മുദ്രകളും സ്വർണവ്യാപാര സ്ഥാപനങ്ങളുടെ സീലുകളും ഒറിജിനൽ തോൽക്കുന്ന ഡിസൈനുകളുമായാണ് വ്യാജൻമാർ എത്തുന്നത്. പണയ സ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാൻ വരുന്നവരിൽ നിന്ന് തിരിച്ചറിയൽ രേഖയുടെ കോപ്പി വാങ്ങിയാണ് പണയമെടുക്കാറുള്ളത്.
ജോലി സംബന്ധമായി സ്വന്തം സ്ഥലം മാറി പലരും താമസിക്കുന്നതിനാൽ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലവും മേൽവിലാസവും ദൂരെ സ്ഥലങ്ങളായിരിക്കും കാണിക്കുന്നത്. പണയംവയ്ക്കാൻ പറ്റില്ലെന്നുപറഞ്ഞാൽ ആശുപത്രി കേസ് അടക്കമുള്ള അടിയന്തര ആവശ്യങ്ങൾ പറഞ്ഞു പണയവസ്തുവിന്റെ നാലിലൊന്നുപോലും ഇല്ലാത്ത ചെറിയ തുക ആവശ്യപ്പെടും.
പണയം എടുക്കാതെ വന്നാൽ ഇതു വിറ്റാൽ മുതലാകുമെന്ന വിശ്വാസത്തിൽ സ്ഥാപനങ്ങൾ ഇത് പണയം എടുക്കുകയും ചെയ്യും.
വിശ്വാസം, അതല്ലെ എല്ലാം
ആദ്യം ചികിത്സ ആവശ്യങ്ങൾ പറഞ്ഞ് തുച്ഛമായ തുകയ്ക്ക് പറയം വയ്ക്കും. ഇത് എത്രയും പെട്ടെന്ന് തിരിച്ചെടുക്കും. വീട്ടും ഒന്നുരണ്ടുതവണ ആവർത്തിച്ച് സ്ഥാപനത്തിന്റെ വിശ്വാസം നേടിയ ശേഷം വലിയതുകയ്ക്ക് പണയംവച്ച് മുങ്ങുകയാണ് പതിവ്. തന്നിരിക്കുന്ന അഡ്രസ് തിരക്കി പോകുമ്പോൾ മാത്രമാണ് ഫോട്ടോ വെട്ടിയൊട്ടിച്ച വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് മനസിലാകുന്നത്.
കണക്കുകൂട്ടലും തെറ്റി
സാധരണഗതിയിൽ അപ്രൈസർമാർ സ്വർണ മാല,കൈ ചെയിൻ,പാദസരം എന്നിവയുടെ കൊളുത്തിന്റെ ഭാഗമായിരിക്കും ഉരച്ചുനോക്കുന്നത്. ഇതറിയാവുന്ന വ്യാജന്മാർ കൊണ്ടുവരുന്ന പണയ സ്വർണത്തിൽ ഈ ഭാഗം സ്വർണവും ബാക്കി ഭാഗം വ്യാജവുമായിരിക്കും. വളയാണെങ്കിൽ അതിന്റെ പുറത്ത് മാത്രം സ്വർണം പൂശിയിരിക്കും. ഇവ മുറിച്ചുനോക്കിയാൽ മാത്രമേ വ്യാജനാണോയെന്ന് അറിയാൻ കഴിയൂ.
പവന് 2000രൂപ നിരക്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മുക്കുപണ്ടങ്ങളാണ് 40000രൂപയിലും അതിലധികവും നിരക്കിൽ പണയം വയ്ക്കുന്നത്.
കാത്തിരിക്കുന്നു ചതിക്കെണി
സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിവാഹ പാർട്ടികളെ ലക്ഷ്യമിട്ട് വെട്ടിപ്പിനിറങ്ങുന്ന സംഘവുമുണ്ട്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ടാക്സും അടക്കം 90000 രൂപയ്ക്ക് മേലെ വരും. ഈ സാഹചര്യത്തിൽ പണിക്കൂലിയും ടാക്സും കൊടുക്കേണ്ട, സ്വർണവില മാത്രം നൽകിയാൽ മതിയെന്ന് വിശ്വസിപ്പിച്ച് വിവാഹാവശ്യത്തിനുള്ള പണവുമായി ഇവർ മുങ്ങാറാണ് പതിവ്.
കഴിഞ്ഞ ഓണ സീസണിൽ വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ നിരവധി മുക്കുപണ്ട പണയ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കിളിമാനൂർ, ആറ്റിങ്ങൽ മേഖലകളിലും സമാന തട്ടിപ്പ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |