മൂന്നാർ: മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് രണ്ടാഴ്ച്ച പൂർത്തിയായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കന്നിമല ഫാക്ടറി ഡിവിഷൻ സ്വദേശി രാജപാണ്ടിയെ കഴിഞ്ഞ 22നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക്‌പോയ രാജപാണ്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ സമയം കഴിഞ്ഞും ഇയാൾ തിരികെ എത്താതെ വന്നതോടെ മറ്റ് സെക്യൂരിറ്റി ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളിൽ രാജപാണ്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ രാജപാണ്ടിയെ ക്രൂമായി വെട്ടികൊലപ്പെടുത്തിയതാണെന്ന് ബോദ്ധ്യപ്പെട്ടു. തലയിൽ ഏഴും കഴുത്തിൽ രണ്ടും വെട്ടുകളേറ്റിട്ടുണ്ടെന്ന് പ്രാഥമികപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.വ്യക്തി വൈരാഗ്യത്തിന്റെപേരിൽ നടത്തിയ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെയും ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോഴും കുറ്റവാളിയിലേക്കെത്തിച്ചേരാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയത്. കൊലപാതകം നടന്ന ചൊക്കനാട് ഫാക്ടറിക്ക് സമീപമുള്ള തേയിലക്കാടുകൾ, സമീപത്തെ പുഴകൾ, ഹെഡ് വർക്സ് ഡാം എന്നിവിടങ്ങളിലാണ് ഇടുക്കിയിൽ നിന്നെത്തിയ സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.കൃത്യത്തിനുശേഷം പ്രതികൾ ആയുധങ്ങൾ വലിച്ചെറിഞ്ഞിരിക്കാമെന്ന സംശയത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം, രഹസ്യവിവരം നൽകുന്നതിനായി ഇൻഫർമേഷൻ ബോക്സുകൾ സ്ഥാപിക്കൽ, 150ലധികം പേരെചോദ്യം ചെയ്യൽ, നൂറിലേറെപേരുടെ ഫോൺ കോളുകളുടെ പരിശോധന എന്നിവയും പൊലീസ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |