തിരുവനന്തപുരം: കുഞ്ഞിക്കാത് കുത്തി കമ്മലണിയുന്ന ദിവസം, ശിശുക്ഷേമസമിതിയുടെ പെൺമക്കൾ ആഹ്ളാദത്തിലായിരുന്നു. കാതുകുത്തിന് സൂചിയെത്തിയതോടെ ചിലരുടെ ചിരി കരച്ചിലായി. കമ്മലണിയാൻ കൊതിച്ചെത്തിയ രണ്ടാംക്ലാസുകാരി വൈഷ്ണവി വേദന കടിച്ചമർത്തി നിന്നു. കാതുകുത്തിനു ശേഷം കമ്മലണിഞ്ഞതോടെ ചിരിച്ചു. തൊട്ടുപിന്നാലെ മൂന്നര വയസുകാരായ ശിവാനിയും ഗ്ലോറിയയും വന്നു. ഉച്ചത്തിൽ കരഞ്ഞവരെല്ലാം കമ്മലിട്ട് മധുരം നുണഞ്ഞതോടെ പുഞ്ചിരിച്ചു.
19 കുഞ്ഞുങ്ങൾക്കാണ് ഇന്നലെ കാത്തുകുത്തൽ നടന്നത്.ശിശുക്ഷേമസമിതിയുടെ തൈക്കാടുള്ള ആസ്ഥാനത്ത് കാതുകുത്തൽ ചടങ്ങ് സംഘടിപ്പിച്ച, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കുഞ്ഞുങ്ങൾക്കുള്ള സ്വർണക്കമ്മലുകളും സമ്മാനിച്ചു. ആദ്യമായാണ് സമിതിയിൽ ഇത്തരമൊരു ചടങ്ങ് നടക്കുന്നത്. കഴിഞ്ഞവർഷം പെൺകുഞ്ഞുങ്ങൾക്ക് സമിതി വെള്ളിക്കൊലുസുകൾ സമ്മാനിച്ചിരുന്നു.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അദ്ധ്യക്ഷത വഹിച്ചു.കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം,ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ജയചന്ദ്രൻ പള്ളിയമ്പലം,സംസ്ഥാന വൈസ് പ്രസിഡന്റ് രത്നകല രത്നാകരൻ,മുട്ടട വാർഡ് കൗൺസിലർ അജിത്ത് രവീന്ദ്രൻ,ശിശുക്ഷേമ സമിതി ട്രഷറർ ജയപാൽ,എൻ.എസ്.വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തിയുടെ ഭാഗമായി സംസ്ഥാനത്ത് 1000 കുട്ടികൾക്ക് കാതുകുത്തി കമ്മലിടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ശിശുക്ഷേമസമിതിയിലും ചടങ്ങ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |