ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ബയോ ടോയ്ലെറ്റുകൾ ഉപയോഗശൂന്യമായി പരിസരമാകെ കാടുകയറി നശിക്കുന്നു. ക്ഷേത്രത്തിലെ വിശേഷദിവസങ്ങളിൽ ആയിരക്കണക്കിന് ഭക്തരെത്തുന്ന ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. 2023-24 ക്ഷേത്ര ഉപദേശകസമിതി കാലഘട്ടത്തിലാണ് ഉപദേശകസമിതി ഫണ്ടിൽ നിന്ന് 2,85,000 രൂപ ചെലവിൽ വെടിപ്പുരയുടെ മൂലയ്ക്കും ഭഗവതി കൊട്ടാര പരിസരത്തും ബയോ ടോയ്ലെറ്റ് സ്ഥാപിച്ചത്. ഉപദേശക സമിതിയുടെ അംഗീകാരമില്ലാത്ത ദേവസ്വം എ.ഒ തന്നിഷ്ടപ്രകാരമാണ് തുക ചെലവഴിച്ചതെന്ന ആരോപണവും ശക്തമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ബയോ ടോയ്ലെറ്റുകളിപ്പോൾ നാശത്തോട് മല്ലടിക്കുകയാണ്. തുടർപ്രവർത്തനങ്ങൾ നടത്തി ബയോ ടോയ്ലെറ്റുകൾ ഉപയോഗയോഗ്യമാക്കി മാറ്റണമെന്നാണ് ഭക്തരുടെയും നാട്ടുകാരുടെയും ആവശ്യം.
വ്രതക്കാർക്കും ഭക്തർക്കുമായി സ്ഥാപിച്ചു
ക്ഷേത്രത്തിലെ ഗരുഡൻ തൂക്ക വഴിപാട് വ്രതക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് ബയോ ടോയ്ലെറ്റുകൾ പ്രധാനമായും സ്ഥാപിച്ചത്. 201 തൂക്കക്കാർ ഉത്സവത്തിന്റെ നാലാം നാൾ മുതൽ ക്ഷേത്രപരിസരത്ത് തങ്ങിയാണ് തൂക്കവില്ലേറുന്നത്. ഉത്സവനാളുകളിൽ നാട്ടുകാർക്ക് പുറമെ അന്യദേശങ്ങളിൽ നിന്നുപോലും നിരവധി ഭക്തർ ഇവിടെയെത്താറുണ്ട്. തുടർന്ന് രണ്ടുമാസം നീണ്ടുനിൽക്കുന്ന വാണിജ്യ വ്യാപാരമേളയിലും ദിനംപ്രതി നിരവധി പേരാണെത്തുന്നത്. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഈ ജനബാഹുല്യത്തിനനുസരിച്ച് മതിയായ ശൗചാലയങ്ങൾ ക്ഷേത്ര പരിസരത്തില്ല. ഇതിനൊരു പരിഹാരമെന്നോണമാണ് 10 ബയോ ടോയ്ലെറ്റുകൾ സ്ഥാപിച്ചത്.
നിർമ്മാണത്തിലും അപാകതകൾ
നിർമ്മാണത്തിലെ അപാകതകൾ കാരണം ഇവയൊന്നും ഒരിക്കൽപ്പോലും ഉപയോഗിക്കാനായില്ല. തറയിൽ നിന്നും മതിയായ പൊക്കമില്ലാതെ അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ തൂക്കവ്രതക്കാർക്ക് പ്രാരംഭഘട്ടത്തിൽ പോലും ഉപയോഗിക്കാനായില്ല. അശാസ്ത്രീയത പരിഹരിക്കാൻ അധികൃതരൊട്ട് ശ്രമിച്ചതുമില്ല. ടോയ്ലെറ്റുകൾക്ക് പൈപ്പ് കണക്ഷൻ പോലുമില്ല. ഇവയുടെ പരിസരമാകെ കാടുകയറി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |