കൊച്ചി: വായ്‌പ തിരിച്ചടയ്‌ക്കാതെ നാട്ടിലേക്കു മടങ്ങുകയും മറ്റു രാജ്യങ്ങളിൽ കുടിയേറുകയും ചെയ്‌തെന്ന കുവൈറ്റിലെ അൽ അലി ബാങ്ക് ഒഫ് കുവൈറ്റിന്റെ പരാതിയിൽ കൂടുതൽ മലയാളികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നു. 13 മലയാളികൾ 10,33,84,809 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
വൈക്കം പടിഞ്ഞാറേച്ചിറ സ്വദേശി ജിഷ വർഗീസിനെതിരെയാണ് ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2021ൽ വായ്‌പയെടുത്തതിൽ 86. 68 ലക്ഷം രൂപ തിരിച്ചടയ്‌ക്കാതെ 2022ൽ കുവൈറ്റ് വിട്ടെന്നാണ് പരാതി.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ മുൻ ജീവനക്കാരായ മലയാളികളിൽ 50 ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെയാണ് ഓരോരുത്തരുടെയും കുടിശിക. 2019 നും 2021 നുമിടയിലാണ് വായ്പ തിരിച്ചടയ്ക്കാതെ മടങ്ങിയത്. പൊലീസ് കേസെടുത്തതോടെ നിരവധിപേർ പണം തിരിച്ചടച്ചെങ്കിലും 10.34 കോടി ലഭിക്കാനുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ബാങ്കിന്റെ ചീഫ് കൺസ്യൂമർ ഓഫീസർ മുഹമ്മദലി ഖത്താൻ നൽകിയ പരാതിയിൽ പറയുന്നു. 806 വ്യക്തികൾ 270 കോടി രൂപ തിരിച്ചടയ്‌ക്കാതെ ബാങ്കിനെ പ്രതിസന്ധിയിലാക്കിയെന്നും പരാതിയിലുണ്ട്.
പണമടയ്‌ക്കാൻ തയ്യാറാകാത്തവർക്കെതിരെയാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതെന്ന് ബാങ്കിന്റെ അഭിഭാഷകൻ പറഞ്ഞു. ഇവരിൽ പലരും കാനഡ, അയർലൻഡ്, യു.കെ, യു.എസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറി. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ബാങ്ക് നടപടി ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |