തിരുവനന്തപുരം: പവർ ഹൗസ് റോഡിൽ ആമയിഴഞ്ചാൻ തോടിനോട് ചേർന്നുള്ള ഭാഗത്ത് സുരക്ഷാവേലിയില്ലാത്തത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഇവിടെ സുരക്ഷാവേലി നശിച്ചിട്ട് നാലുവർഷമായി. പരാതി നൽകുമ്പോൾ തോടിന് മുകളിൽ നെറ്റ് സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ പറയുമെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ ഈ വഴി കടന്നുപോകുന്നതിനാൽ തോട് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.എന്നാൽ കാലൊന്ന് തെറ്റിയാൽ തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.
സ്‌കൂൾ ബസിറങ്ങി കുട്ടികൾ നടന്നുവരുമ്പോൾ നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
തോടിനോട് ചേർന്നുള്ള റോഡിന്റെ ഭാഗത്ത് പല സ്ഥലങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ആ ഭാഗങ്ങൾ പൊട്ടിപ്പൊളിയുന്നതിനാൽ അവിടം വീതികൂടി തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യതയുമുണ്ട്.
അടിയന്തരമായി ഈ ഭാഗത്ത് സുരക്ഷാഭിത്തി നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
മഴക്കാലം പേടിയോടെ
മഴക്കാലത്ത് ഭീതിയോടെയാണ് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.മഴയത്ത് തോട്ടിലെ വെള്ളമുയർന്ന് റോഡൊപ്പമാകും. അപ്പോൾ തോട്ടിലെ മാലിന്യങ്ങളും റോഡിലേക്ക് കയറും.ഇതിൽ പ്ളാസ്റ്റിക് മുതൽ സ്വീവേജ് ടാങ്കുകളിലെ മാലിന്യം വരെയുണ്ട്.പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
നാട്ടുകാർ പറയുന്നു
12 പേർ ഇതുവരെ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്
ഈ ഭാഗത്തെ സുരക്ഷാവേലി നശിച്ചിട്ട് 4 വർഷം
തോട്ടിൽ വന്നടിയുന്ന മാലിന്യങ്ങളുടെ ദുർഗന്ധം അസഹനീയം
പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷം
തോട്ടിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം സമീപത്ത് ഇരിക്കാൻ പലപ്പോഴും കഴിയാറില്ല.
അധികൃതരോട് പറഞ്ഞിട്ട് ഒരു മാറ്റവുമില്ല. അവർക്കിതെല്ലാം നിസാര കാര്യങ്ങളാണ്.
സുധാകരൻ,ഓട്ടോ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |