
ഒരുകോടി രൂപയിൽ പഴയ പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നു
മുടപുരം: കായികതാരങ്ങളുടെയും നാട്ടുകാരുടെയും ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് അഴൂർ പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് പുത്തൻ സ്റ്റേഡിയം വരുന്നു. അഴൂർ ഗവ.ഹൈസ്കൂളിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയം പുത്തൻലുക്കിൽ നവീകരിക്കും. നിർമ്മാണച്ചെലവിന്റെ 50 ശതമാനമായ 50 ലക്ഷം രൂപ സംസ്ഥാന കായിക യുവജനക്ഷേമവകുപ്പ് അനുവദിച്ചു. ബാക്കി 50 ശതമാനമായ 50 ലക്ഷം വി.ശശി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ചെലവഴിക്കും. 2025-26 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് അഴൂർ പഞ്ചായത്തിന് തുക അനുവദിച്ചത്.
തുറന്ന കളിസ്ഥലം
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 1991ൽ രൂപീകരിച്ച സ്റ്റേഡിയം നിർമ്മാണ കമ്മിറ്റിയാണ് സ്റ്റേഡിയം നിർമ്മാണത്തിനായി 73 സെന്റ് സ്ഥലം വാങ്ങിയത്. ഇവിടെ സ്ഥിതിചെയ്തിരുന്ന കുന്നിന്റെ മുക്കാൽ ഭാഗവും ഇടിച്ചു നിരത്തി തുറന്ന കളിസ്ഥലം നിർമ്മിക്കുകയായിരുന്നു അന്ന് ചെയ്തത്. സ്റ്റേഡിയത്തിനരികിൽ റോഡിനോടു ചേർന്ന് കൽപ്പടവുകൾ നിർമ്മിച്ചെങ്കിലും കാലപ്പഴക്കവും ശക്തമായ കാലവർഷത്താലും ആ ഇരിപ്പിടങ്ങളിപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അതിനാലിപ്പോൾ ഇതൊരു തുറന്ന കളിസ്ഥലം മാത്രമാണ്.
നാട്ടുകാരുടെ ആവശ്യം
ഹൈസ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സ്പോർട്സ് ഇനങ്ങൾ, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ക്ലബുകളുടെ നേതൃത്വത്തിൽ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ തുടങ്ങിയവയും ഇവിടെയാണ് നടത്തുന്നത്. ദിനംപ്രതി 150ഓളം കായിക പ്രേമികൾ അസൗകര്യങ്ങൾക്ക് നടുവിൽ ഈ സ്റ്റേഡിയം പ്രയോജനപ്പെടുത്തുന്നു. ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരേഡും ഇവിടെ നടത്തുന്നു. എങ്കിലും ഇവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കണമെന്നത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |