
തിരുവനന്തപുരം: ഉറ്റസുഹൃത്തുക്കളായ അമൃതയ്ക്കും ഭവ്യയ്ക്കും ഒന്നിച്ച് യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ്. ഹിമാലയം പോലുള്ള സ്ഥലങ്ങളും സുന്ദരമായ നദികളും ആ 'വിഷ് ലിസ്റ്റിലുണ്ട്'.എന്നാൽ, ഇപ്പോൾ യാത്ര ചെയ്യാൻ അത്രയെളുപ്പം സാധിക്കാത്ത ഇടങ്ങൾ സ്റ്റിൽ മോഡലിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചുമിടുക്കികൾ.ഇന്നലെ നെയ്യാറ്റിൻകര ബോയ്സ് എച്ച്.എസ്.എസിൽ നടന്ന എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ മത്സരത്തിലാണ് ഉഴമലയ്ക്കൽ എസ്.എൻ എച്ച്.എസ്.എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥികൾ തിളങ്ങിയത്.
ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ സമതലത്തിൽ എത്തുമ്പോൾ രൂപീകരിക്കുന്ന ഭൂപ്രകൃതികളാണ് ഇവർ കളിമണ്ണിൽ നിർമ്മിച്ചെടുത്തത്.നദി വളഞ്ഞുപുളഞ്ഞ് പോകുന്ന വേളയിൽ രൂപപ്പെടുന്ന മിയാൻഡർ രൂപങ്ങൾ,ഓക്സ്ബോ തടാകങ്ങൾ എന്നിവ ഏകദേശം മൂന്നുമണിക്കൂറിലാണ് പൂർത്തിയാക്കിയത്.ആദ്യം കളിമണ്ണിൽ നിർമ്മിച്ച രൂപങ്ങളിൽ പിന്നീട് വിവിധ വർണങ്ങൾ നൽകുകയായിരുന്നു.നെടുമങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഇവർ ഒന്നാംസ്ഥാനം നേടിയിരുന്നു.സയൻസ് ടൂറുകൾക്ക് മാത്രമാണ് ഇതുവരെ ഒരുമിച്ച് പോയിട്ടുള്ളത്.ചുരുങ്ങിയ സമയം കൊണ്ടാണ് നിർമ്മാണ രീതി പഠിച്ചെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |