
വിതുര: ബോണക്കാട് വിതുര റൂട്ടിൽ വീണ്ടും കാട്ടാനശല്യം. പകൽസമയത്തുപോലും കാട്ടാനകൾ നാട്ടിലുണ്ട്. ഒരാഴ്ചയായി ബോണക്കാട് മേഖലയിൽ കാട്ടാനശല്യം തുടങ്ങിയിട്ട്. രാത്രിയിൽ വനത്തിൽനിന്നിറങ്ങുന്ന കാട്ടാനകൾ ബോണക്കാട് വഴുക്കൻപാറ മേഖലയിൽ റോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസെത്തി ഹോൺമുഴക്കുമ്പോഴാണ് കാട്ടിനുള്ളിലേക്ക് പോകുന്നത്. മുമ്പ് മേഖലയിൽ കാട്ടാനഷോക്കേറ്റ് ചരിഞ്ഞ സംഭവുമുണ്ടായി. ബോണക്കാട് എസ്റ്റേറ്റ് മേഖലയിലും കാട്ടാനകൾ നാശവും ഭീതിയും പരത്തുന്നുണ്ട്. മേലയിലെ കൃഷികളും നശിപ്പിച്ചു. നേരത്തേ ബോണക്കാട് നിന്ന് ബൈക്കിൽ വിതുരയിലേക്ക് പോയ രണ്ട് യുവാക്കളെ കാട്ടാനകൾ ആക്രമിക്കുകയും ഇവർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്തിരുന്നു.ഇപ്പോൾ ബോണക്കാട് മേഖലയിൽ ധാരാളം ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. ആനശല്യം സഞ്ചാരികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ജഴ്സിഫാം ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ ആനശല്യമുണ്ട്. വനമേഖലയായതിനാൽ വളരെ പെട്ടെന്ന് കാട്ടിൽ നിന്ന് റോഡിലിറങ്ങുകയാണ് പതിവ്. മിക്കപ്പോഴും വനപാലകർ ഓടിച്ച് കാട്ടിനുള്ളിൽ വിടും. എന്നാൽ കുറച്ചു സമയം കഴിഞ്ഞ് മടങ്ങിയെത്തും.
പൊൻമുടിയിലും
ബോണക്കാടിന് പുറമേ പൊൻമുടി മേഖലയിലും കാട്ടാനശല്യമുണ്ട്. പൊൻമുടി കല്ലാർ റോഡ് രാത്രിയിൽ കാട്ടാനകളുടെ നിയന്ത്രണത്തിലാണ്. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തുന്നതിനായി കാറിൽ പൊൻമുടിയിലേക്ക് പുറപ്പെട്ട വനപാലകനെ കാട്ടാനകൾ ആക്രമിച്ചിരുന്നു. ടൂറിസ്റ്റുകളേയും ആക്രമിക്കുവാൻ ശ്രമിച്ചിരുന്നു. കാട്ടാനക്ക് പുറമേ മേഖലയിൽ കാട്ടുപോത്തിന്റെയും പുലിയുടേയും ശല്യവുമുണ്ട്.
സഞ്ചാരികൾ ജാഗ്രത
ബോണക്കാട്, പൊൻമുടി മേഖലയിൽ കാട്ടാനശല്യം വർദ്ധിച്ചിട്ടുണ്ട്. സഞ്ചാരികൾ വനത്തിനുള്ളിൽ കയറരുത്. വനപാലകരുടേയും, പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |