
നെടുമങ്ങാട്: നാലാം തലമുറക്കാരിയുടെ പ്രായമുള്ള നഗരസഭ ഉപാദ്ധ്യക്ഷ ലക്ഷ്മി, നൂറിന്റെ നിറവുള്ള മുത്തശ്ശിയുടെ കവിളുകളിൽ മുത്തമിട്ട് പുതുവസ്ത്രം കൈയിൽ ഏൽപ്പിക്കുമ്പോൾ ഗൗരി പൊന്നമ്മയുടെ ഉള്ളം നിറഞ്ഞു.''ഇന്നെന്റെ പിറന്നാളാ..നൂറു തികഞ്ഞു"",ഹാപ്പി ബർത്ത്ഡേ പാടിയും കരഘോഷം മുഴക്കിയും ചുറ്റുംകൂടി നിന്നവർ പ്രോത്സാഹിപ്പിച്ചു.ഗൗരിയുടെ നെറുകയിൽ തൊട്ട് നഗരപിതാവ് ആർ.ജയദേവൻ പ്രഖ്യാപിച്ചു,നെടുമങ്ങാടിന്റെ നഗരമുത്തശ്ശി!
നഗരസഭയുടെ കീഴിലുള്ള സ്നേഹതീരം വൃദ്ധസദനമായിരുന്നു വേദി. ഇവിടുത്തെ അന്തേവാസികളിൽ ഏറ്റവും മുതിർന്നയാളാണ് ഗൗരിപൊന്നമ്മ.ആധാർ കാർഡ് പ്രകാരം ശതാബ്ദിയിലെത്തിയ ഗൗരിയമ്മയുടെ പിറന്നാൾ ദിനം കെയർ ടേക്കർ രജനിയും ആഹാര ചുമതല വഹിക്കുന്ന ശോഭനയും ചേർന്ന് അവിസ്മരണീയമാക്കുകയായിരുന്നു. കുളിപ്പിച്ച് കസവു മുണ്ടും നേരിയതും അണിയിച്ച്,മുടി കോതിയൊതുക്കി പിന്നിൽ കുടുമ കെട്ടി തൂവെള്ള നിറമാർന്ന നറുമണം പൊഴിക്കുന്ന പിച്ചിപ്പൂമാല വട്ടത്തിൽ ചുറ്റിവച്ച് വേദിയിലേക്ക് ആനയിച്ചു. ഇടംവലം നിന്നവരുടെ സഹായത്തോടെ പിറന്നാളുകാരി ബർത്ത്ഡേ കേക്ക് മുറിച്ചു.
പാലട പ്രഥമനും തൂശനിലയിട്ട് സദ്യയും. ലയൺസ് ക്ളബ് നെടുമങ്ങാടിന്റെ വകയായിരുന്നു കേക്കും സദ്യവട്ടവും. ലയൺസിന്റെ 53ാം വാർഷികവും ഗൗരിയുടെ ജന്മശതാബ്ദിയും ഒരേ നാളിലായിരുന്നു. എല്ലാ മാസവും രണ്ടാം ഞായർ ലയൺസ് ഉച്ചഭക്ഷണം ഒരുക്കുന്നുണ്ട്. ലയൺസ് ഭാരവാഹികളായ ഡോ.കെ.പി.അയ്യപ്പൻ, വിജയകുമാർ,ടി.എസ്.ഹരികുമാർ, ഡോ.ബിജു മോസസ്,ടി.വി.മണി,ഐഡിയൽ സന്തോഷ് തുടങ്ങിയവർ അതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |