SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

സഞ്ജുവിൽ മുങ്ങി കാര്യവട്ടം, കളിയിൽ മങ്ങി സഞ്ജു

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സഞ്ജൂ...സഞ്ജൂ.... എന്ന ആരവങ്ങളിൽ മുങ്ങുകയായിരുന്നു ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി പതിനൊന്നാം വർഷം സ്വന്തം നാട്ടിൽ കളിക്കാൻ അവസരം ലഭിച്ച സഞ്ജുവിന് പിന്തുണയർപ്പിക്കാൻ ഇന്നലെ ഉച്ചമുതൽ ആരാധകർ ഗ്രൗണ്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. വൈകിട്ടോടെ കാര്യവട്ടത്തേക്കുള്ള വഴികളെല്ലാം ആരാധകരെക്കൊണ്ട് നിറഞ്ഞു. സഞ്ജുവിന്റെ പേര് പതിപ്പിച്ച ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിലായിരുന്നു മിക്കവരും.

അഞ്ചോടെയാണ് ടീമുകൾ ഗ്രൗണ്ടിലേക്ക് എത്തിയത്. ഇതിനുമുമ്പുതന്നെ കാണികൾക്ക് പ്രവേശനം അനുവദിച്ചതിനാൽ ഗ്യാലറി അപ്പോഴേക്കും നീലക്കടലായി. കളിക്കാരുമായി ടീം ബസ് എത്തിയതോടെ ഗ്യാലറിയിൽ ആരവങ്ങൾ മുഴങ്ങിത്തുടങ്ങി. സഞ്ജു ബസിൽ നിന്ന് ഇറങ്ങിയതോടെ പ്രകമ്പനമായി. മത്സരത്തിന് മുമ്പ് ഇരുടീമംഗങ്ങളും വാംഅപ്പ് നടത്താനിറങ്ങിയെങ്കിലും സഞ്ജു വരാൻ വൈകി. ആറോടെയാണ് സഞ്ജു ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയായി. 'തിരുവനന്തപുരത്ത് സഞ്ജു ഇല്ലാതെ ഒരു കളിയോ" എന്ന് ടോസിംഗിന് ശേഷം കമന്റേറ്ററോട് സൂര്യകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞത് കൈയടിയുയർത്തി. കൃത്യം 6.57ന് വലതുകാൽ വച്ച് സഞ്ജു ബാറ്റിംഗിനായി ഗ്രൗണ്ടിലേക്കിറങ്ങിയതോടെ ഗ്യാലറികൾ ആവേശ മുഖരിതമായി. എന്നാൽ ആറ് റൺസെടുത്ത സഞ്ജു തുടക്കത്തിലേ പുറത്തായതോടെ ഗ്യാലറിയിൽ നിരാശ.

എന്നിട്ടും സീറ്റ് ബാക്കി

മത്സരത്തിനുള്ള ടിക്കറ്റുകൾ മണിക്കൂറുകൾക്കം വിറ്റുതീർന്നിട്ടും ഇന്നലെ കളി തുടങ്ങുന്നതുവരെ ഗ്യാലറികൾ നിറഞ്ഞിരുന്നില്ല. 33,000ത്തോളം ടിക്കറ്റുകളാണ് ഓൺലൈനായി വില്പനയ്ക്കുണ്ടായിരുന്നത്. 40,000ത്തിലധികം പേർക്ക് സ്റ്റേഡിയത്തിൽ കളികാണാനാൻ കഴിയുമെങ്കിലും സുരക്ഷാ കാരണങ്ങളാലാണ് ടിക്കറ്റ് വില്പന കുറച്ചത്. മത്സരം തുടങ്ങുമ്പോഴേക്കും അപ്പർ ടയറിലെ സീറ്റുകൾ ഏറക്കുറെ നിറഞ്ഞിരുന്നു. എന്നാൽ താഴത്തെ സീറ്റുകൾ പലതും കാലിയായിരുന്നു.

മുൻകാല താരങ്ങൾക്കും പരിശീലകർക്കും ജില്ലയിലെ അഫിലിയേറ്റഡ് ക്ലബുകളിലെ അംഗങ്ങൾക്കും സാധാരണഗതിയിൽ ലഭിക്കുന്ന പാസുകൾ ലഭിച്ചില്ലെന്ന് ഇക്കുറി വലിയ പരാതിയുണ്ടായിരുന്നു. 'കളികാണാൻ ആഗ്രഹമുള്ളതുകൊണ്ടാണ്; ഒരു ടിക്കറ്റ് കിട്ടുമോ" എന്ന് സഞ്ജുവിന്റെ ആദ്യകാല പരിശീലകൻ ബിജു ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്‌തിരുന്നു. പക്ഷേ കളി തുടങ്ങിക്കഴിഞ്ഞപ്പോൾ ആരാധകർ കൂടുതലായെത്തിയതോടെ അമ്പത് സീറ്റുകളോളമേ ഒഴിഞ്ഞു കിടന്നുള്ളൂ.

TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY