തിരുവനന്തപുരം: ആറ്റുകാലമ്മയുടെ ഭടന്മാരായി എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് 581 കുത്തിയോട്ട ബാലന്മാർ.മഹിഷാസുര മർദ്ദിനിയുടെ ഭടന്മാരാണ് കുത്തിയോട്ട ബാലന്മാരെന്നാണ് സങ്കല്പം.പണ്ടാരഓട്ടം ബാലനാണ് പടത്തലവൻ.വസുദേവ് എന്ന ബാലനെയാണ് ഇത്തവണ പണ്ടാരഓട്ടത്തിനായി തിരഞ്ഞെടുത്തത്.
പുലർച്ചെയും വൈകിട്ടുമൊക്കെയായി അമ്പലക്കുളത്തിൽ കുളി,ഒരുമിച്ചുള്ള താമസം,ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ദിനചര്യ...ഇനിയുള്ള ഏഴുനാളുകൾ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതമെടുക്കുന്ന ബാലന്മാർക്ക് പുത്തൻ അനുഭവമായിരിക്കും.ഒത്തൊരുമയുടെയും ആത്മനിയന്ത്രണത്തിന്റെയും വിശ്വാസ സമർപ്പണത്തിന്റെയും നാളുകൾ.
ഇന്നലെ 581 ബാലന്മാരാണ് വ്രതം ആരംഭിച്ചത്.കഴിഞ്ഞ തവണ 587പേരുണ്ടായിരുന്നു.സാധാരണ 6 മുതൽ 12 വയസുവരെയാണ് കുത്തിയോട്ട വ്രതമെടുക്കുന്നതിനുള്ള പ്രായമെങ്കിലും,ഇപ്പോഴത് 10 മുതൽ 12 വയസ് വരെയായി നിജപ്പെടുത്തി.
ഇന്നലെ രാവിലെ ദേവിയെ ഭക്തിപൂർവം വണങ്ങി വ്രതം ആരംഭിച്ചു.രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ഭക്തർ വ്രതാരംഭച്ചടങ്ങിന് സാക്ഷികളായി.
രാവിലെ 8ന് പന്തീരടിപൂജയ്ക്കും ദീപാരാധനയ്ക്കു ശേഷം 8.45ഓടെ കുത്തിയോട്ട ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനുടുത്ത് വന്ന കുട്ടികൾ ക്ഷേത്രത്തിന് മുന്നിൽ തയാറാക്കിയ ആവണപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വച്ചു.മേൽശാന്തിക്ക് അനീഷ് നമ്പൂതിരിക്ക് ദക്ഷിണ നൽകി വണങ്ങി,പ്രസാദം സ്വീകരിച്ചു.
ഏഴുദിവസമാണ് ഇവർ വ്രതം നോൽക്കുന്നത്.പൊങ്കാല ദിവസം വരെ ക്ഷേത്രവളപ്പിൽ താമസിച്ച് വ്രതമെടുക്കുന്ന കുട്ടികൾ ദേവിക്ക് മുന്നിൽ നേർച്ചയുടെ ഭാഗമായി 1008 നമസ്‌കാരം നടത്തും.ഒൻപതാം ഉത്സവ ദിവസമായ മാർച്ച് 3ന് രാത്രി 8.30ന് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവീ സന്നിധിയിൽ ചൂരൽകുത്തും. സഹോദരനായ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മാരാണ്.
ഒറ്രത്തോർത്തിൽ ലളിതജീവിതം
ക്ഷേത്രത്തിൽ കഴിയുന്ന ഏഴുനാളുകളിൽ ലളിത ജീവിതക്രമം കൂടി കുട്ടികൾ പഠിക്കും.ഈ ദിവസങ്ങളിൽ ഒരു തോർത്ത് മാത്രമാണ് ഇവരുടെ വേഷം.പുലർച്ചെ രണ്ടരയോടെ ഉറക്കമെണീറ്റ് കുളി കഴിഞ്ഞ് നമസ്‌കാരത്തിന് തയാറാകും.പ്രഭാത ഭക്ഷണം കഴിഞ്ഞ് 11ഓടെ ഹാളിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് പുരാണകഥയുടെ ചൊല്ലലുണ്ടാകും. കാർട്ടൂണുകൾ കാണാനും ചെറു വിനോദങ്ങൾക്കും സൗകര്യമുണ്ട്. രക്ഷിതാക്കൾക്ക് കുട്ടികളെ സന്ദർശിക്കാനും അവസരമുണ്ടാകും.രാവിലെ കഞ്ഞിയും പയറും, ഉച്ചയ്ക്ക് പായസം ഉൾപ്പെടെ സദ്യ, രാത്രി അവിൽ നനച്ചത്,പഴം,കരിക്കിൻവെള്ളം എന്നിവയാണ് ഭക്ഷണം.
ഇത്തവണ കുത്തിയോട്ട ബാലന്മാർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോക്ടറുടെ സേവനം ഉൾപ്പെടെ ലഭ്യമാകും.
വി.ശോഭ,പ്രസിഡന്റ്,
ക്ഷേത്രംട്രസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |