
വിഴിഞ്ഞം: കടൽക്കുളിക്കിടെ അപകടം പറ്റിയാൽ സഹായം തേടാൻ ലൈഫ് ഗാർഡുകളെ തേടി അലയേണ്ട, ചികിത്സയും ഇനി ലഭിക്കും. കോവളത്തെ ഉൾപ്പെടെയുള്ള ലൈഫ് ഗാർഡുകൾക്കാണ് പുതിയ കൊടിയും ഫസ്റ്റ്എയ്ഡ് ബോക്‌സുകളും ലഭിച്ചത്. ഏറ്റവും തിരക്കുള്ള കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ആറോളം പോയിന്റുകളിലാണ് കൊടികൾ സ്ഥാപിച്ചത്.
ഇവരുടെ യൂണിഫോമിന്റെ നിറത്തോടു സാമ്യമുള്ള ചുവപ്പും മഞ്ഞയും ചേർന്ന കൊടിയാണ് സ്ഥാപിച്ചിട്ടുള്ളത്. കടലിൽ നിന്ന് നോക്കിയാൽ ഇവ കാണാനാകും. കടൽക്കുളിക്കിടെ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രദ്ധയാകർഷിക്കാൻ പെട്ടെന്ന് കഴിയും. ഇതാദ്യമായാണ് ലൈഫ് ഗാർഡുകൾക്കു ഫസ്റ്റ്എയ്ഡ് കിറ്റ് ലഭ്യമാക്കിയത്. അപകടത്തിൽ ചെറിയ മുറിവുകൾ ഉണ്ടായാൽ ലൈഫ് ഗാർഡുകൾ തന്നെ മുറിവിൽ മരുന്ന് പുരട്ടിനൽകും.
എല്ലാ ലൈഫ്ഗാർഡ് പോയിന്റിലും കിറ്റ് സൂക്ഷിക്കും. അപകടമുണ്ടാക്കുന്ന സാഹചര്യത്തിലും കടൽക്കുളിക്ക് അനുവദിച്ച സമയം കഴിയുമ്പോഴും സഞ്ചാരികളെ കരയിൽ കയറ്റാൻ സൈറൺ മുഴക്കാനും ആധുനിക മൈക്രോഫോൺ ഉപയോഗിച്ചുതുടങ്ങി.
സ്‌പീഡ് ബോട്ട് വേണം
കടലിൽ തുടർച്ചയായി വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെടുന്നുണ്ട്. ഇവരെ രക്ഷിക്കാൻ ലൈഫ് ഗാർഡുകൾ നീന്തിവേണം ഇവരുടെ അടുത്തെത്താൻ.
തിരികെ ഇവരുമായി നീന്തി കരയിലെത്തുമ്പോൾ അപകടത്തിൽ പെട്ടയാൾ അവശരാകുകയും സമയം നഷ്ടപ്പെടുകയും ചെയ്യും. സ്പീഡ് ബോട്ട് അനുവദിച്ചാൽ രക്ഷാപ്രവർത്തനത്തിന് വേഗം കൂടുമെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |